wayanad local

മാലിന്യ സംസ്‌കരണ പ്ലാന്റ്‌ : സര്‍വകക്ഷി യോഗം ചേര്‍ന്നു



സുല്‍ത്താന്‍ ബത്തേരി: ജര്‍മന്‍ ടെക്‌നോളജി ഉപയോഗിച്ച് സുല്‍ത്താന്‍ ബത്തേരി നഗരസഭ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോവണമെന്ന് സര്‍വകക്ഷി യോഗം. പ്ലാന്റ് ആരംഭിക്കാനിരിക്കുന്ന കരിവള്ളിക്കുന്ന് പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ സി കെ സഹദേവന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം. 3.5 കോടി രൂപ ചെലവിലാണ് പ്ലാന്റ് നിര്‍മിക്കുന്നത്. രാജ്യത്തുതന്നെ ആദ്യത്തെ മാലിന്യ സംസ്‌കരണ പ്ലാന്റായിരിക്കും ഇത്. പ്ലാന്റില്‍ നിന്നും വൈദ്യുതിയും ജൈവ വളവും ഉല്‍പാദിക്കാന്‍ കഴിയുമെന്നതും പ്രത്യേകതയാണ്. ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമായുള്ള ഡിഡാസ്‌ക് ബയോ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡാണ് മുതല്‍ മുടക്കി ബിഒടി അടിസ്ഥാനത്തില്‍ പ്ലാന്റ് പ്രാവര്‍ത്തികമാക്കുന്നത്. പ്ലാന്റ് നിര്‍മാണത്തിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളേയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച്  പ്രവര്‍ത്തനവുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചത്. യോഗം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണ പ്ലാന്റ് ദീര്‍ഘ വീക്ഷണമുള്ള പദ്ധതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതി നാടിന് ഗുണകരമാണ്. ജനപ്രതിനിധി എന്ന നിലയ്ക്ക് ഇതിന് അനുകൂല നിലപാടെടുക്കും. ജനങ്ങളുടെ എതിര്‍പ്പ് മനസ്സിലാക്കി ബോധ്യപ്പെടുത്തി അവരെയും കൂടി ഉള്‍പ്പെടുത്തണം. എല്ലാവരും ഒരുമിച്ച് നീങ്ങണം. എല്ലാ പ്ലാന്റുകളും പ്രകൃതിക്കും മനുഷ്യജീവനും ദോഷം ചെയ്യാറുണ്ട്. എന്നാല്‍, ഈ പ്ലാന്റിനെക്കുറിച്ച് പഠിച്ചു. ഇത് ഏറ്റവും ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it