malappuram local

മാലിന്യ സംസ്‌കരണ പദ്ധതി അട്ടിമറിച്ചതായി ആക്ഷേപം

എടക്കര: കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി കൈകോര്‍ത്ത് തയ്യാറാക്കിയ മാലിന്യ സംസ്‌കരണ പദ്ധതി അട്ടിമറിച്ചതായി ആക്ഷേപം. ചുങ്കത്തറ പഞ്ചായത്താണ് മാലിന്യ സംസ്‌ക്കരണ പദ്ധതി അട്ടിമറിച്ചത്. മലിന്യമുക്ത പഞ്ചായത്തെന്ന ലക്ഷ്യത്തോടെ 2017 ആഗസ്റ്റ് 15 ന് ശാസ്ത്രസാഹിത്യ പരിഷത്തും ചുങ്കത്തറ പഞ്ചായത്ത് ഭരണസമിതിയും സംയുക്തമായി സര്‍വകക്ഷി യോഗം സംഘടിപ്പിച്ചിരുന്നു. സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചായിരുന്നു സ്വാതന്ത്ര്യദിനാഘോഷത്തെ അധികൃതര്‍ വരവേറ്റത്.
ജൈവ, അജൈവ മാലിന്യം വേര്‍തിരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്ലിങ് കേന്ദ്രത്തിലേയ്്ക്ക് അയയ്്ക്കാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനായി കൂടുതല്‍ പഠനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി ശാസ്ത്രസാഹിത്യ പരിഷത്തിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് (എസ്എല്‍ആര്‍എം) സോളിഡ് ആന്റ് ലിക്വിഡ് റിസോഴ്‌സ് മാനേജ്‌മെന്റില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ച വിന്നേരിയിലെ “നിറവ് ‘ എന്ന ജനകീയ കൂട്ടയ്മയുമായും കര്‍ണാടകയിലെ പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റുമായും ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. മാലിന്യ ശേഖരണത്തിനും സംസ്‌ക്കരണത്തിനും കരാര്‍ ഒപ്പിടുന്ന നിലയിലേക്കു കാര്യങ്ങള്‍ എത്തിയെങ്കിലും അധികൃതര്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. ഇതോടെ മാലിന്യ മുക്തപഞ്ചായത്തെന്ന സ്വപ്‌നം ഉപേക്ഷിക്കപ്പെട്ടു.
ചുങ്കത്തറയിലെ വ്യാപാരികളുടേയും വ്യവസായികളുടെയും സ്ഥാപനങ്ങള്‍, ടൗണിനിരുവശങ്ങളിലുമുള്ള വാര്‍ഡുകളിലെ മുഴുവന്‍ വീടുകള്‍ എന്നിവിടങ്ങളില്‍ വേസ്റ്റ് ബിന്‍ സ്ഥാപിക്കാനുള്ള തീരുമാനവും അട്ടിമറിക്കപ്പെട്ടു. പ്ലാസ്റ്റിക് ബാഗുകളും കവറുകളും വില്‍പന നടത്തരുതെന്നും ഫഌക്‌സ്, പ്ലാസ്റ്റിക് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കരുതെന്നും അറിയിച്ച് പതിനായിരക്കണക്കിന് നോട്ടിസ് അടിച്ചിറക്കി. എന്നാല്‍ നോട്ടിസ് വെളിച്ചം കാണാതെ പഞ്ചായത്ത് ഓഫിസില്‍ കെട്ടിക്കിടക്കുന്നു. മഴക്കാലപൂര്‍വ രോഗപ്രതിരോധ സംവിധാനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടും മതിയായ നടപടികള്‍ കൈക്കൊള്ളാനും അധികൃതര്‍ക്കായില്ല.
സമീപ പഞ്ചായത്തുകളായ വഴിക്കടവ്, മൂത്തേടം, പോത്തുകല്‍ എന്നിവിടങ്ങളില്‍ മാലിന്യ സംസ്‌ക്കരണ പദ്ധതി വിജയകരമായി നടപ്പാക്കിയപ്പോള്‍ ചുങ്കത്തറ പഞ്ചായത്ത് കാഴ്ചക്കാരായി. സ്വന്തം നിലയില്‍ ആരോഗ്യപരിപാലന ശുചിത്വ രംഗത്ത് മുന്നേറാനായില്ലെങ്കിലും പരിഷത്ത് പോലുള്ള സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളുടെ അറിവും കഴിവും സേവന സന്നദ്ധതയും ഉപയോഗപ്പെടുത്താനും അധികൃതര്‍ക്കായില്ല.
ഇതിനിടെ കഴിഞ്ഞ വര്‍ഷത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിനായി  സര്‍ക്കാര്‍ അനുവദിച്ച 9 ലക്ഷം ലാപ്‌സാക്കിയതിനെതിരേയും അധികൃതരുടെ കെടുകാര്യസ്ഥതയ്ക്കുമെതിരേ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.
Next Story

RELATED STORIES

Share it