kozhikode local

മാലിന്യ സംസ്‌കരണം: എതിര്‍പ്പുകള്‍ക്കെതിരേ രാഷ്ട്രീയ സമവായം വേണം

കോഴിക്കോട്: 2018- 19 ലെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ജില്ലാ പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പുകളുടെ ജനറല്‍ ബോഡി യോഗം ജില്ലാ പഞ്ചായത്ത് സെമിനാര്‍ ഹാളില്‍ പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്തിയ പരിഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ച് വേര്‍തിരിക്കുന്നതിനുള്ള യൂനിറ്റുകള്‍ക്ക് പല പഞ്ചായത്തുകളും പദ്ധതി വെച്ചെങ്കിലും ചിലയിടങ്ങളില്‍ നടപ്പാക്കാനാവാത്തത് ആശങ്കാജനകമാണ്. ഇക്കാര്യത്തില്‍ ഉയരുന്ന അനാവശ്യ എതിര്‍പ്പുകള്‍ ഒറ്റക്കെട്ടായി നേരിടാന്‍ രാഷ്ട്രീയ സമവായം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംയുക്ത പദ്ധതികള്‍ക്ക് ചില തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ട് വെക്കാത്തതിനാല്‍ ജില്ലാ പഞ്ചായത്തിന്റെ ചില സംയുക്ത പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്ത കാര്യം പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പഞ്ചായത്തുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി ചെയര്‍മാന്‍ പി ജി ജോര്‍ജ് മാസ്റ്റര്‍, സെക്രട്ടറി പി ഡി ഫിലിപ് സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it