kozhikode local

മാലിന്യ സംഭരണ കേന്ദ്രം, അനിശ്ചിതകാല സത്യഗ്രഹ സമരം ഇരുപതാം ദിവസത്തിലേക്ക്

വടകര: സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി നഗരസഭ ജെടി റോഡില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ജെടി റോഡ് റെയില്‍വെ ലൈനിനോട് ചേര്‍ന്നുള്ള സമര പന്തലില്‍ ആരംഭിച്ച സത്യാഗ്രഹ സമരത്തിന് വിവിധ മേഖലയിലെ പ്രമുഖര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരപന്തലിലെത്തിയിരുന്നു.
നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നുമുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രത്തിനെതിരെയാണ് സമരം. എന്തു വില കൊടുത്തും ഈ കന്ദ്രം ജെടി റോഡില്‍ തന്നെ സ്ഥാപിക്കുമെന്ന് നഗരസഭ ഭരണകൂടം തീരമാനമെടുത്തതോടെയാണ് നാട്ടുകാര്‍ സത്യഗ്രഹ സമരത്തിന് തുടക്കമിട്ടത്. കേന്ദ്രത്തിന്റെ പ്രവൃത്തി ആരംഭിച്ച ദിവസം തന്നെ ഇവിടേക്ക് മാര്‍ച്ച് നടത്തിയ പൗരസമിതിയുടെ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് അനിശ്ചിതകാല സത്യഹ്രത്തിന് പൗരസമിതി തീരുമാനിച്ചത്.
വടകര നഗരസഭ മാലിന്യം തള്ളാനായി വില കൊടുത്തു വാങ്ങിയ സ്ഥലം നിലവിലുണ്ടായിരിക്കെ എന്തിനാണ് നഗര മധ്യത്തില്‍ മാലിന്യം സംഭരണ കേന്ദ്രം ആരംഭിക്കുന്നതെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്. അറവുശാലയില്‍ നിന്നുള്‍പ്പടെയുള്ള മാലിന്യ പ്രശ്‌നത്തിന്റെ രൂക്ഷത അനുഭവിക്കുന്ന പ്രദേശമാണ് ജെടി റോഡ്. അതേസമയം കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളുമാണ് ജെടി റോഡില്‍ സ്ഥാപിക്കുന്ന കേന്ദ്രത്തില്‍ സംഭരിക്കുക എന്നാണ് ചെയര്‍മാന്‍ ഉള്‍പ്പെടെ നഗരസഭ അധികൃതര്‍ നല്‍കുന്ന വിശദീകരണം. മാത്രമല്ല സമരരംഗത്തുള്ളവര്‍ക്ക് ഇൗ പദ്ധതിയുമായി ബന്ധപ്പെട്ട് എന്ത് സംശയം തീര്‍ക്കാനും, അതിന് സമാന കേന്ദ്രങ്ങളിലെത്തിച്ച് പഠിക്കാനും നഗരസഭ വഴിയൊരുക്കുമെന്നുമാണ് നഗരസഭ അധികൃതര്‍ പറയുന്നത്.
ഫെബ്രുവരി ഒന്നാം തിയ്യതി ആരംഭിച്ച സത്യഗ്രഹ സമരത്തിന് സിപിഎം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കിയിട്ടുണ്ട്. സത്യാഗ്രഹത്തിന് ഐക്യാദാര്‍ഢ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, കുടുംബങ്ങള്‍, വിവിധ ക്ലബ്ബുകള്‍ പ്രകടനങ്ങള്‍ നടത്തി. കഴിഞ്ഞ ദിവസം സമരത്തിന് ഐക്യദാര്‍ഢ്യവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി സമരപന്തലിലെത്തി. ജനവാസ കേന്ദ്രമായ ജെടി റോഡില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കം അനുവദിക്കില്ലെന്ന് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞു. ചടങ്ങില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ ടി കേളു, ഒകെ കുഞ്ഞബ്ദുള്ള, മാനസ കരിം, എം ഫൈസല്‍, വേണുനാഥന്‍, കാവില്‍ രാധ കൃഷ്ണന്‍, സവാദ് വടകര, കെവിപി ഷാജഹാന്‍, ശംസുദ്ധിന്‍ മുഹമ്മദ്, മുക്കോലക്കല്‍ ഹംസ, പുറന്തോടത്ത് സുകുമാരന്‍ സംസാരിച്ചു.
സമാന വിഷയത്തില്‍ സമരം നടത്തുന്ന മണിയൂര്‍ കുന്നത്ത് കരയിലെ സമര നായകന്‍ മാരായ മനോജ്, ഹമീദ് മാസ്റ്റര്‍ എന്നിവരും ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി. വിഷയത്തില്‍ 23ന് വടകര കോട്ടപ്പറമ്പില്‍ വിശദീകരണ പൊതുയോഗം നടത്താന്‍ പൗരസമിതി തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it