kannur local

മാലിന്യ വാഹിനിയായ കാനാമ്പുഴയ്ക്ക് പുനര്‍ജനി



കണ്ണൂര്‍: മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പന്‍മലയില്‍ നിന്ന് തുടങ്ങി കണ്ണൂര്‍ കോര്‍പ്പറേഷനിലെ മരക്കാര്‍ കണ്ടി വഴി ഒഴുകി അറബിക്കടലിലേക്ക് ചേരുന്ന 10 കിലോമീറ്റര്‍ ദൂരമാണ് ശുചീകരണത്തിലൂടെ തിരിച്ചു പിടിച്ചത്. വര്‍ഷങ്ങളോളം കൃഷിക്ക് വേണ്ടിയും ശുദ്ധജല സംഭരണിയായും ഉപയോഗിച്ചിരുന്ന പുഴ കാലക്രമത്തില്‍ നശിക്കുകയായിരുന്നു. പുഴയെ തിരിച്ചുപിടിക്കാന്‍ കണ്ണൂര്‍ മണ്ഡലം വികസന സെമിനാറില്‍ നിര്‍ദേശം വന്നതോടെയാണ് കണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗമായ കാനാമ്പുഴയെ തിരിച്ച് പിടിക്കാന്‍ ജനങ്ങള്‍ ഒരുമിച്ചത്. വീടുകളില്‍ നിന്നും ഫാക്ടറികളില്‍ നിന്നുമുള്ള കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഒഴുക്കിയ പുഴയെ അയ്യായിരത്തോളം വളണ്ടിയര്‍മാര്‍ അണിനിരന്ന് ഒറ്റ ദിവസം കൊണ്ട് പുനരുജ്ജീവിപ്പിക്കുകയായിരുന്നു. ചേലോറ കണ്ടമ്പേത്ത് നിന്ന് തുടങ്ങിയ ശുചീകരണം മരക്കാര്‍കണ്ടി കുറുവ ഭാഗത്തെ അഴി വരെ എത്തി. പ്ലാസ്റ്റിക് മാലിന്യങ്ങളും മരങ്ങളും തുടങ്ങി ലോഡ് കണക്കിന് മാലിന്യങ്ങളാണ് പുഴയില്‍ നിന്ന് നീക്കിയത്. ഹിറ്റാച്ചി, ജെസിബി, ടിപ്പര്‍ ലോറി, ഗ്യാസ് കട്ടര്‍ തുടങ്ങിയ ഉപകരണങ്ങളും മാലിന്യം നീക്കാന്‍ ഉപയോഗിച്ചു. ജില്ലാതല സംഘാടക സമിതിക്ക് പുറമെ എട്ട് പ്രാദേശിക സമിതികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തി നടന്നത്. ഇനി മുതല്‍ ഈ കമ്മിറ്റികള്‍ ജാഗ്രതാ കമ്മിറ്റികളായി മാറും. മാസത്തില്‍ യോഗം ചേര്‍ന്ന് ഒരു ദിവസം പുഴ ശുചീകരണത്തിന് വേണ്ടി മാറ്റിവെക്കും. പുഴയിലേക്ക് മാലിന്യം ഒഴുക്കാതെ സൂക്ഷിക്കേണ്ട ചുമതലയും ജാഗ്രതാ സമിതിക്കാണ്. വീടുകളില്‍ നിന്നും ഫാക്ടറികളില്‍ നിന്നും മാലിന്യം ഒഴുക്കുന്നത് തടയാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി തുടങ്ങി.പുഴ ശുചീകരണ പ്രവൃത്തി താഴെ ചൊവ്വയില്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം നിര്‍വഹിച്ചു. തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പികെ ശ്രീമതി എംപി, മേയര്‍ ഇപി ലത, ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ ടിഎന്‍ സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി , കെ കെ നാരായണന്‍, വികസന സമിതി കണ്‍വീനര്‍ എന്‍ ചന്ദ്രന്‍,  യു ബാബുഗോപിനാഥ് സംബന്ധിച്ചു. കാനാമ്പുഴയെ കുറിച്ച് ലന്‍സ്‌ഫെഡ് തയ്യാറാക്കിയ ഗാനങ്ങളടങ്ങിയ സിഡി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മേയര്‍ ഇപി ലതക്ക് നല്‍കി പ്രകാശനം ചെയ്തു. രാവിലെ ആറിന് ആരംഭിച്ച ശുചീകരണ പ്രവൃത്തി ഉച്ചയോടെയാണ് അവസാനിച്ചത്. മന്ത്രി തോമസ് ഐസക്കും, രാമചന്ദ്രന്‍ കടന്നപള്ളിയും മറ്റ് ജനപ്രതിനിധികളും ശുചീകരണം നടത്തിയ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it