kannur local

മാലിന്യ പ്ലാന്റ് അടച്ചുപൂട്ടല്‍: തടസ്സമായത് ദത്തന്‍ കമ്മിറ്റി റിപോര്‍ട്ട്

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിനജലം കിണറുകളില്‍ ഒഴുകി യെത്തുന്നതിനെതിരേ നടത്തിയ സമരത്തില്‍ പ്രദേശവാസികളുടെ പ്രധാന ആവശ്യത്തിനു തടസ്സമായത് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റി. മാലിന്യ പ്ലാന്റ് അടച്ചുപൂട്ടുക എന്ന ആവശ്യവുമായി മാലിന്യ വിരുദ്ധ സമരം നടത്തിയ ജന ആരോഗ്യ സംരക്ഷണ സമിതിയുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിക്കുന്നതില്‍ നിന്നു നാവിക അക്കാദമി അധികൃതര്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ദത്തന്‍ കമ്മിറ്റി റിപ്പോര്‍ട്ടാണെന്ന് ജന ആരോഗ്യ സംരക്ഷണ സമിതി ആരോപിച്ചു.
ജനവാസ കേന്ദ്രത്തില്‍ നിന്നു മാലിന്യ പ്ലാന്റ് മാറ്റിസ്ഥാപിക്കാതെ മാലിന്യ പ്രശ്‌നത്തില്‍ നിന്ന് പരിസരവാസികള്‍ക്ക് മോചനം ലഭിക്കില്ല. അതിനാല്‍ തന്നെയാണ് കക്കൂസ് മാലിന്യങ്ങള്‍ അടക്കമുള്ളവ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്ന മാലിന്യ പ്ലാന്റ് വികേന്ദ്രീകരണമെന്ന ആവശ്യം സമരസമിതി ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നാവിക അക്കാദമി അധികൃതരോട് ആവശ്യപ്പെട്ടത്. അവര്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അതിനിടെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ദത്തന്‍ കമ്മിറ്റി റിപോര്‍ട്ടില്‍ പ്ലാന്റിന് അറ്റകുറ്റപ്പണികള്‍ നടത്തി തുടരാമെന്ന നിര്‍ദേശമുണ്ടായി. ഇത് മറയാക്കി നാവിക അക്കാദമി അധികൃതര്‍ അനാസ്ഥ കാട്ടിയതാണ് പ്ലാന്റ് വികേന്ദ്രീകരണം വൈകാന്‍ കാരണം. ദത്തന്‍ കമ്മിറ്റി റിപോര്‍ട്ടിലെ ചില അറ്റകുറ്റപ്പണികള്‍ നടത്തി സര്‍ക്കാറിന്റെ കണ്ണില്‍ പൊടിയിട്ട് മാലിന്യ പ്ലാന്റിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും അക്കാദമി അധികൃതര്‍ നേടിയെടുത്തു. ജന വിരുദ്ധമായ തീരുമാനങ്ങള്‍ അടങ്ങിയ ദത്തന്‍ കമ്മിറ്റി റിപോര്‍ട്ട് തള്ളിക്കളഞ്ഞ് രാമന്തളി പഞ്ചായത്ത് ഭരണസമിതി പോലും പ്രമേയം പാസാക്കിയിരുന്നു.
വിദഗ്ധ സമിതി റിപോര്‍ട്ട് മറയാക്കി പ്ലാന്റിന് ചില അറ്റകുറ്റപ്പണികള്‍ നടത്തി നാട്ടുകാരെ കബളിപ്പിക്കാനാണ് അധികൃതരുടെ ശ്രമമെന്നും സമരസമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. മാലിന്യ പ്ലാന്റ് വികേന്ദ്രീകരണമെന്ന ആവശ്യത്തില്‍ നിന്നു സമരസമിതി പിന്നാക്കം പോവില്ല. പ്ലാന്റ് അടച്ചുപൂട്ടുക എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കും.
കരാര്‍ ലംഘനത്തിനെതിരേ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കും. ദത്തന്‍ കമ്മിറ്റി റിപോര്‍ട്ട് മരവിപ്പിക്കുക, പ്ലാന്റിനു മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ അനുമതി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും സമരം ചെയ്യും.
മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനു മുമ്പ് തന്നെ മാലിന്യ പ്ലാന്റിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ നിയമ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സമരസമിതി പ്രവര്‍ത്തകര്‍ രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം വി ഗോവിന്ദന് നിവേദനം നല്‍കി.
Next Story

RELATED STORIES

Share it