Flash News

മാലിന്യ പ്ലാന്റിനെച്ചൊല്ലി സിപിഎം- സിപിഐ തര്‍ക്കം

എ  എം  ഷമീര്‍  അഹ്്മദ്

തിരുവനന്തപുരം: പാലോട്ടെ നിര്‍ദിഷ്ട ആശുപത്രി മാലിന്യ പ്ലാന്റിനെച്ചൊല്ലി സിപിഎം-സിപിഐ മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമായി. പ്ലാന്റിന് അനുമതി നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് വനംമന്ത്രി കെ രാജു വ്യക്തമാക്കിയതിനുപിന്നാലെ റവന്യൂവകുപ്പും എതിര്‍പ്പുമായെത്തി. പ്ലാന്റിന് അനുമതി നല്‍കാന്‍ നിയമപരമായി തടസ്സമുണ്ടെന്ന് റവന്യൂവകുപ്പ് സര്‍ക്കാരിനെ അറിയിച്ചു. ഇരുവകുപ്പുകളും എതിര്‍പ്പ് ശക്തമാക്കിയത് പ്ലാന്റിന് പച്ചക്കൊടി കാട്ടിയ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തിരിച്ചടിയായി.  ഇടുക്കിയിലെ കുറിഞ്ഞി ദേശീയ ഉദ്യാന വിസ്തൃതിയെച്ചൊല്ലി സിപിഎം-സിപിഐ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് പ്ലാന്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. പ്ലാന്റിന് ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും പൂര്‍ണ പിന്തുണയുണ്ടാവുമെന്നും ഐഎംഎ ഭാരവാഹികള്‍ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഇതോടെയാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ വേഗത്തിലാക്കിയത്. എന്നാല്‍, വനംമേഖലയില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. കൂടുതല്‍ പഠിച്ചശേഷം മാത്രമേ പ്ലാന്റിന് അനുമതി നല്‍കാനാവൂവെന്ന് മന്ത്രി കെ രാജു വ്യക്തമാക്കി. എന്നാല്‍, ഇതിനുപിന്നാലെ വനംമന്ത്രിയെ തള്ളി ആരോഗ്യമന്ത്രി രംഗത്തെത്തി. ഐഎംഎ പ്ലാന്റ് പാലോടുതന്നെ സ്ഥാപിക്കേണ്ടതുണ്ടെന്നും അതിന് ആരോഗ്യവകുപ്പ് എല്ലാ പിന്തുണയും നല്‍കുമെന്നും കെ കെ ശൈലജ പ്രതികരിച്ചു. ഇതോടെ വനംവകുപ്പ് നിലപാട് കൂടുതല്‍ കടുപ്പിച്ചു. വനത്തെയോ മൃഗങ്ങളെയോ ദോഷകരമായി ബാധിച്ചാല്‍ പാലോട് ഐഎംഎ പ്ലാന്റിന് അനുമതി നല്‍കില്ലെന്ന് വനം മന്ത്രി തിരിച്ചടിച്ചു. അതിനിടെയാണ് മുഖ്യമന്ത്രിയെയും ആരോഗ്യ വകുപ്പിനെയും കൂടുതല്‍ വെട്ടിലാക്കി റവന്യൂ വകുപ്പിന്റെ വിയോജിപ്പ് . ഐഎംഎ വാങ്ങിയിരിക്കുന്ന ആറേക്കര്‍ എണ്‍പത് സെന്റ് ഭൂമിയില്‍ 5 ഏക്കറും റവന്യൂ രേഖകള്‍ പ്രകാരം നിലമാണ്. നിയമതടസ്സം ചൂണ്ടിക്കാട്ടി പ്ലാന്റിന് അനുമതി നല്‍കാനാവില്ലെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. അതിനിടെ പ്ലാന്റിനെതിരേ ജനങ്ങള്‍ നടത്തുന്ന സമരത്തിന് പരസ്യ പിന്തുണയുമായി സിപിഐ രംഗത്തെത്തി. മന്ത്രിസഭയില്‍ ഇരു പാര്‍ട്ടികളിലെയും മന്ത്രിമാര്‍ തമ്മില്‍ നിലനില്‍ക്കുന്ന ശീതസമരം ഇതോടെ തെരുവിലേക്കും നീങ്ങി.
Next Story

RELATED STORIES

Share it