ernakulam local

മാലിന്യ പ്രശ്‌നവും അനധികൃത കേബിള്‍ കട്ടിങും ആരോപിച്ച് പ്രതിപക്ഷം കൊച്ചി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി



കൊച്ചി : മാലിന്യ പ്രശ്‌നവും അനധികൃത കേബിള്‍ കട്ടിങും ആരോപിച്ച് പ്രതിപക്ഷം കൊച്ചി നഗരസഭാ കൗണ്‍സിലില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. മാലിന്യപദ്ധതികള്‍ കാര്യക്ഷമമല്ലെന്നും റോഡ് കട്ടിങിന്റെ കാര്യത്തില്‍ മേയര്‍ അഴിമതി നടത്തുകയാണെന്നും ആരോപിച്ചാണ് പ്രതിപക്ഷം കൗണ്‍സില്‍ ബഹിഷ്‌കരിച്ചത്. മാലിന്യ നിര്‍മാര്‍ജനം ഇപ്പോഴും കടലാസില്‍ തന്നെയാണെന്നും കൊച്ചിക്കാര്‍ക്ക് മൂക്കു പൊത്തി നടക്കേണ്ട അവസ്ഥയാണെന്നും പ്രതിപക്ഷനേതാവ് കെ ജെ ആന്റണി പറഞ്ഞു. ഇതിന്റെ ഉദാഹരണമാണ് സ്വച്ചഭാരത് റാങ്കിങില്‍ കൊച്ചി 55ല്‍ നിന്നു 271ലേക്ക് കൂപ്പു കുത്തിയത്. സ്മാര്‍ട്ട് ആകേണ്ട കൊച്ചി അനുദിനം പിന്നോട്ടാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ ഒഡിഎഫ് പ്രഖ്യാപനത്തിലേക്ക് കണ്ണു വെക്കുന്ന നഗരസഭ ഇതുവരെ പദ്ധതിപ്രകാരമുള്ള അവസാന ഗഡു നല്‍കിയിട്ടില്ലെന്ന് വി പി ചന്ദ്രന്‍ പറഞ്ഞു. 1950 വ്യക്തിഗത ഗുണഭോക്താക്കള്‍ ഉള്ളതില്‍ ഒന്നും പൂര്‍ത്തിയാക്കാന്‍ ഇതുവരെ ആയിട്ടില്ല. കൗണ്‍സിലര്‍മാര്‍ക്ക് കഴിഞ്ഞ മാസത്തെ ഓണറേറിയം ലഭിച്ചിട്ടില്ല. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കൗണ്‍സിലര്‍മാര്‍ക്ക് ഇത് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ അറിയാതെ യാതൊരു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാതെയാണ് നഗരത്തില്‍ കേബിളുകള്‍ കുഴിച്ചിടുന്നതെന്ന് കൗണ്‍സിലര്‍ ബെനഡിക്ട് ഫെര്‍ണാണ്ടസ് പറഞ്ഞു. കേബിളുകള്‍ കുഴിച്ചിടുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ പലതും സ്ഥിരം സമിതി അധ്യക്ഷന് ലഭിക്കുന്നില്ലെന്ന പരാതി മേയര്‍ അവഗണിക്കുകയാണ്. മാസങ്ങളായി തുടരുന്ന ഈ അനധികൃത കേബിള്‍ കുഴികള്‍ക്കെതിരേ മേയര്‍ നടപടി സ്വീകരിക്കാത്തത് അഴിമതിക്ക് കൂട്ടു നില്‍ക്കലാണെന്ന് അദ്ദേഹം പറഞ്ഞു. അനുമതിയില്ലാത്ത റോഡ് കട്ടിങിന് കമ്പനികള്‍ക്ക് ആരാണ് ധൈര്യം പകരുന്നതെന്ന് മേയര്‍ വ്യക്തമാക്കണമെന്ന് കൗണ്‍സിലര്‍ പി എസ് പ്രകാശന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it