Flash News

മാലിന്യ നിര്‍മാര്‍ജ്ജനം ഫലപ്രദമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടും: മുഖ്യമന്ത്രി

മാലിന്യ നിര്‍മാര്‍ജ്ജനം ഫലപ്രദമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടും: മുഖ്യമന്ത്രി
X


കൊച്ചി: ഹരിതകേരളം ദൗത്യത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ മാതൃകാപരമായി ഏറ്റെടുത്ത പ്രദേശങ്ങളില്‍ അതിന്റേതായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം മാലിന്യ നിര്‍മാര്‍ജ്ജനം അടക്കമുള്ള കാര്യങ്ങളില്‍ ശുഷ്‌കാന്തി പുലര്‍ത്താത്ത സ്ഥലങ്ങളില്‍ പനിയും പകര്‍ച്ചവ്യാധികളും വ്യാപകമായി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അടിയന്തരമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ അമ്പത് ദിനം നൂറു കുളം പദ്ധതിയുടെ സമാപനം കുറിച്ച് വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ പന്നിക്കുഴിച്ചിറയുടെ ശുചീകരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇതേ മാതൃകയില്‍ കേരളത്തിലെ എല്ലാ കുളങ്ങളിലെയും തോടുകളിലെയും ജലം കുടിവെള്ളത്തിന്റെ ശുദ്ധിയുള്ളതാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഹരിതകേരളം പദ്ധതിയില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ ഇനിയും നിറവേറ്റപ്പെടാനുണ്ട്. ഇക്കാര്യത്തില്‍ പല തദ്ദേശസ്ഥാപനങ്ങളും വേണ്ട താല്‍പര്യം കാണിച്ചില്ല. പല പ്രദേശങ്ങളിലും മാലിന്യം അവശേഷിക്കുമ്പോള്‍ വായുവും വെള്ളവും എങ്ങനെ ശുദ്ധമാകും. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാത്തത് മൂലമാണ് മഴക്കു മുമ്പെ പനി വ്യാപകമായത്. അതേസമയം മാതൃകാപരമായി പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍ അതിന്റേതായ മാറ്റമുണ്ട്. മാലിന്യം കെട്ടിക്കിടന്ന സ്ഥലങ്ങളിലാണ് രോഗം പടര്‍ന്നു പിടിച്ചിരിക്കുന്നത്. അലസതയുടെ ഫലമാണിത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടണമെന്നും  മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പദ്ധതികള്‍ സ്വയംഭൂവായി ഉണ്ടാകുന്നതല്ലെന്നും പ്രത്യേകമായ ഇടപെടലാണ് വിജയകരമായ പദ്ധതികള്‍ക്ക് പിന്നിലെ ശക്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാലിന്യം കെട്ടിക്കിടക്കുന്ന കേരളമല്ല നവകേരളം. നാടിന്റെ അവസ്ഥ മനസിലാക്കി ഓരോരുത്തരും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ജൂണ്‍ അഞ്ചിന് ഒരു കോടി വൃക്ഷത്തൈകള്‍ നടാനുള്ള പദ്ധതി വിജയിപ്പിക്കാന്‍ നാടൊന്നാകെ രംഗത്തിറങ്ങണം. ശുദ്ധമായ വെള്ളവും സ്വഛമായ പ്രകൃതിയും സാധ്യമായാലേ ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം നമുക്ക് അവകാശപ്പെടാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.വി പി സജീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പഴ്‌സണ്‍ ഡോ. ടി എന്‍ സീമ മുഖ്യപ്രഭാഷണം നടത്തി.
Next Story

RELATED STORIES

Share it