kozhikode local

മാലിന്യസംഭരണ കേന്ദ്രം: സമരപ്പന്തല്‍ തകര്‍ത്തതില്‍ വ്യാപക പ്രതിഷേധം

വടകര: പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ  ജെടി റോഡില്‍  പൗരസമിതിയുടെ  സമരപന്തല്‍ തകര്‍ത്ത നിലയില്‍. ഇന്നലെ രാവിലെ നഗരസഭ ജീവനക്കാരുടെയും പോലിസിന്റെയും ഒത്താശയോടെയാണ് പന്തല്‍ തകര്‍ത്തതെന്നാണ് ആരോപണം.
മാലിന സംഭരണ  കേന്ദ്രം അനുവദിക്കില്ലെന്ന് വ്യക്തമാക്കി പൗരസമിതി രണ്ടാഴ്ചയിലേറെയായി റിലേ സത്യാഗ്രഹം നടത്തിവരികയാണ്. ഇതിനു വേണ്ടി കെട്ടിയ പന്തലാണ് ഇന്നലെ രാവിലെ തകര്‍ക്കപ്പെട്ടത്.
മാലിന്യ സംഭരണ കേന്ദ്രത്തിനുള്ള നിര്‍മാണ സാമഗ്രികളുമായി  എത്തിയ കെഎല്‍ 58 സി 2564 നമ്പര്‍ ലോറി നഗരസഭ ജീവനക്കാരുടെ ഒത്താശയോടെ പന്തലിലേക്ക് കയറ്റിവിട്ട് തകര്‍ക്കുകയായിരുന്നുവെന്ന് സമരസമിതി ആക്ഷേപിക്കുന്നു. ഈ സമയം സമരപ്പന്തലില്‍ ആരും  ഉണ്ടായിരുന്നില്ല. അതേവരെ ഇവിടെയുണ്ടായിരുന്ന പോലിസ് മാറി നിന്ന് പന്തല്‍ തകര്‍ക്കാന്‍ കൂട്ടു നിന്നു വെന്നാണ് പരാതി.
വിവരമറിഞ്ഞ് പൗരസമിതി പ്രവര്‍ത്തകരും നാട്ടുകാരും തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാര്‍ ലോറിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടെടുത്തു.
ലോറി ഡ്രൈവര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ലോറി തടഞ്ഞു. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി ലോറി ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. പൗരസമിതിയുടെ ആവശ്യപ്രകാരം പന്തല്‍ പുനര്‍നിര്‍മിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്.
നഗരസഭ തുടക്കം മുതലേ  സമരത്തിനെതിരാണ്. അക്രമത്തിനെതിരെ പൗരസമിതി നേതാക്കള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സമരസമിതി ചെയര്‍മാന്‍ പി എസ് രഞ്ജിത്ത്കുമാര്‍, വേണുനാഥന്‍, വി.കെ അസീസ്, യൂനുസ്, എം ഫൈസല്‍, ഷാജഹാന്‍, അന്‍സാര്‍ മുകച്ചേരി, ഷംസുദ്ദീന്‍, മുഹമ്മദ്,റാജിസ് മുക്കോലക്കല്‍, ഹംസ ഹാജി, കൗണ്‍സിലര്‍മാരായ പി സഫിയ, എന്‍.പി.എം നൗഫല്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it