malappuram local

മാലിന്യമുക്ത ചാലിയാറിനായി 193 കോടിയുടെ ജനകീയ പദ്ധതി

മലപ്പുറം: മാലിന്യ മുക്ത ചാലിയാറിനായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 193,59,19,391 കോടിയുടെ ജനകീയ പദ്ധതി വരുന്നു. ഇന്നലെ മലപ്പുറം കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കര്‍മപദ്ധതിക്ക് അംഗീകാരം നല്‍കി. നിലമ്പൂര്‍ ബ്ലോക്ക് പരിധിയില്‍ വരുന്ന ചാലിയാര്‍ പുഴയുടെ ഭാഗവും അതിന്റെ 12 പോഷക നദികളും അതിലേക്കുള്ള നീര്‍ച്ചാലുകളും മാലിന്യ മുക്തമാക്കി പുഴയും മറ്റു ജല സ്രോതസ്സുകളും സംരക്ഷിക്കുന്ന പദ്ധതി മൂന്നുവര്‍ഷം കൊണ്ടു പൂര്‍ത്തീകരിക്കും.
തുടര്‍ന്നു നഗരസഭയിലേക്കും ചാലിയാര്‍ കടന്നുപോവുന്ന മറ്റു ബ്ലോക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ജല ധവളപത്രം പ്രസിദ്ധീകരിക്കും. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് ഫണ്ടുകള്‍, വിവിധ വകുപ്പുകളുടെ ഫണ്ട്്, റിവര്‍ മാനേജ്‌മെന്റ്് ഫണ്ട്, സിഎസ്ആര്‍ ഫണ്ട്് എന്നിവ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമാവും. പഞ്ചായത്തുകളില്‍ ഗ്രീന്‍ ടെക്‌നോളജി സെന്ററുകള്‍, എംആര്‍എഫ് സെന്റര്‍, പഞ്ചായത്തുകളില്‍ എംസിഎഫ് സെന്റുകള്‍, പുഴ സൗന്ദര്യവല്‍കരണം, കടവ് കെട്ടല്‍, പുഴക്കൂട്ടങ്ങള്‍, കുട്ടിക്കൂട്ടങ്ങള്‍, വന സംരക്ഷണ സമിതികള്‍, മല്‍സ്യ കുളങ്ങള്‍, ആഘോഷങ്ങളെ മാലിന്യ മുക്തമാക്കല്‍, ബോധവല്‍ക്കരണത്തിനായി നാടകം, ചിത്ര പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങി വിത്യസ്തമായ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി നടക്കും. കാരക്കോടന്‍ പുഴയിലെ ടൂറിസം പദ്ധതിയും ഇതോടൊപ്പം വിഭാവനം ചെയ്യുന്നുണ്ട്. യോഗത്തില്‍ നിലമ്പൂര്‍ ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് പി പി സുഗതന്‍ പദ്ധതി വിശദീകരിച്ചു. നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ പി ടി ഉസ്മാന്‍, സി ടി രാധാമണി, ആലീസ് അമ്പാട്ട്, കെ സ്വപ്‌ന, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി പ്രദീപ് കുമാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it