palakkad local

മാലിന്യപ്രശ്‌നം; കള്ളിയമ്പാറയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ധനസഹായം പരിഗണിക്കും: ജില്ലാ കലക്ടര്‍

പാലക്കാട്:മാലിന്യം കൊണ്ട് പൊറുതിമുട്ടിയ മുതലമട കള്ളിയമ്പാറ ആദിവാസി കോളിനിയിലെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന കള്ളിയമ്പാറ ആദിവാസി കോളനിയിലെ മാലിന്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ആലോചനായോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
24 കുടുംബങ്ങള്‍ക്ക് 10,000— രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്നതിന് പട്ടിക വര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചതായി, ജില്ലാ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ യോഗത്തില്‍ അറിയിച്ചു. കോളനിയിലെ അഞ്ച് പേര്‍ക്ക് ചികില്‍സാ ധനസഹായം നല്‍കിയിട്ടുണ്ട്. കൂടുതല്‍ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് സഹായം നല്‍കാന്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ക്ക് ജില്ലാ കലക്ടര്‍നിര്‍ദേശം നല്‍കി. കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും അരിയും പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെട്ട സൗജന്യ കിറ്റ് നല്‍കിയിട്ടുണ്ട്. ഇത് എല്ലാ മാസവും തുടരുമെന്നും ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
പ്രദേശത്ത് മൂന്നുതവണ സൗജന്യമെഡിക്കല്‍ പരിശോധന നടത്തുകയുണ്ടായി. തുടര്‍ന്നും ക്യാംപുകള്‍ സംഘടിപ്പിക്കുമെന്ന് ഡി എം ഒ അറിയിച്ചു.മേഖലയില്‍ ശുദ്ധജലവിതരണം ലഭ്യമാക്കാന്‍ തഹസില്‍ദാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി പരിസരത്തെ കിണറുകളിലെ വെള്ളം പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തണം. കുടിവെള്ളം സംബന്ധിച്ച് അടിയന്തിരമായി പരിശോധന റിപ്പോര്‍ട്ട് നല്‍കാന്‍ വാട്ടര്‍ അതോറിറ്റിയോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കാന്‍ നടപടി എടുക്കണം. മേഖലയില്‍ പൂര്‍ണ്ണമായും ബി.പി.എല്‍. ഗുണഭോക്താക്കളാണോ എന്നും ഇവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനും ജില്ലാ സപ്ലൈ ആഫീസറോട് നിര്‍ദ്ദേശിച്ചു.
മേഖലയിലെ മാലിന്യനിക്ഷേപം സംബന്ധിച്ച് വിവിധ വകുപ്പുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകാന്‍ പഞ്ചായത്ത് സെക്രട്ടറിയോട് കലക്ടര്‍ ആവശ്യപ്പെട്ടു.
പ്രദേശത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് എക്‌സൈസ് വകുപ്പും അറിയിച്ചു.
യോഗത്തില്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ കെ.സി.ചെറിയാന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബേബി സുധ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെപി റീത്ത , ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നാസര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it