kozhikode local

മാലിന്യനീക്കം സ്തംഭിച്ചു ; സമരം തുടരുന്നു



കോഴിക്കോട്: ജില്ലാ ഖരമാലിന്യ സംസ്‌കരണ തൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് നഗരത്തില്‍ മാലിന്യശേഖരണം പൂര്‍ണമായും സ്തംഭിച്ചു. ഇതേ തുടര്‍ന്ന് നഗരത്തിലെ മാലിന്യ പ്രശ്‌നം രൂക്ഷമായിരിക്കുകയാണ്. നഗരത്തില്‍ മുക്കിലും മൂലയിലും വരെ മാലിന്യം തള്ളുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മേയര്‍ തോട്ടത്തില്‍ രവീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് വൈകീട്ട് നാലിന് വീണ്ടും മേയറുടെ ചേംബറില്‍ ചര്‍ച്ച വച്ചിട്ടുണ്ട്.ജില്ലാ ഖരമാലിന്യ തൊഴിലാളി യൂനിയ(സിഐടിയു)ന്റെ നേതൃത്വത്തിലാണ് കോര്‍പറേഷനു മുന്നില്‍ സമരം നടത്തുന്നത്. ഖരമാലിന്യ തൊഴിലാളികളെ താല്‍ക്കാലികക്കാരായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് മേയര്‍ പറയുന്നത്. കഴിഞ്ഞ 15 വര്‍ഷമായി കോഴിക്കോട് കോര്‍പറേഷനുവേണ്ടി ശുചീകരണ തൊഴിലെടുക്കുന്നവരാണ് സമരം നടത്തുന്നത്. താല്‍ക്കാലികക്കാര്‍ക്ക് സ്ഥിരം തൊഴിലാളികളുടെ വേതനം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക, മഴക്കാല തൊഴില്‍ സുരക്ഷിതത്വ ഉപകരണങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക, നിര്‍ത്തിവച്ച ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുക, ഹെല്‍ത്ത്കാര്‍ഡ് വിതരണം ചെയ്യുക, കോര്‍പറേഷന്‍ ശുചീകരണ രംഗത്ത് വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായി തൊഴിലാളികള്‍ക്ക് പകരം തൊഴില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it