thrissur local

മാലിന്യനീക്കം നിലച്ചതിനെതിരേ പ്രതിഷേധം: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധമായി

തൃശൂര്‍: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധമായി. നഗരത്തിലെ മാലിന്യ നീക്കം നിലച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മാലിന്യം കുട്ടയിലേന്തി കൗണ്‍സിലില്‍ എത്തിയതാണ് യോഗം അലങ്കോലമാകാന്‍ കാരണം. മാലിന്യം കുട്ടയിലേന്തി റാന്തല്‍ വിളക്കുകളുമായി നടുത്തളത്തില്‍ കുത്തിയിരുന്നായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം.
ബിജെപി അംഗങ്ങള്‍ മാസ്‌ക് ധരിച്ചായിരുന്നു കൗണ്‍സിലിലെത്തിയത്. നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തെ അവഗണിച്ചുകൊണ്ട് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ വികസന നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ആരംഭിച്ചതോടെ ബഹളം വര്‍ദ്ധിച്ചു. 2010 മുതല്‍ 2015 വരെ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്തെ വികസന പ്രവര്‍ത്തനങ്ങളുടെ ഡിവിഷന്‍ തിരിച്ചുള്ള കണക്കും 2015 മുതലുള്ള എല്‍.ഡി.എഫ് ഭരണസമിതിയുടെ വികസന പ്രവര്‍ത്തനങ്ങളും താരതമ്യം ചെയ്യുന്നതായിരുന്നു ആദ്യത്തെ അജണ്ട. ഇത് ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കുന്നതിനായാണ് പ്രതിപക്ഷ സമരമെന്നായിരുന്നു ഭരണപക്ഷത്തിന്റെ ആരോപണം.
അജണ്ട ചര്‍ച്ച ചെയ്യാതെ മണിക്കൂറുകളോളം പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിയും ഭരണപക്ഷ അംഗങ്ങള്‍ വികസന വിശദീകരണവും തുടര്‍ന്നു. ബഹളത്തെ തുടര്‍ന്ന് യോഗം പിരിച്ചു വിടുന്ന പതിവിന് പകരം ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് വികസന വിശദീകരണം നല്‍കാന്‍ മേയര്‍ അവസരം നല്‍കുകയായിരുന്നു. ഇതിനിടയില്‍ ചര്‍ച്ചയ്ക്ക് അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കെ മഹേഷിന്റെ നേതൃത്വത്തല്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
Next Story

RELATED STORIES

Share it