Kollam Local

മാലിന്യങ്ങള്‍നിറഞ്ഞ് അഷ്ടമുടിക്കായല്‍ നാശത്തിലേക്ക്

കാവനാട്: മാലിന്യങ്ങള്‍നിറഞ്ഞ അഷ്ടമുടിക്കായല്‍ നാശത്തിലേക്ക് നീങ്ങുന്നു. ശാസ്താംകോട്ട കായല്‍ കഴിഞ്ഞാല്‍ ഫാത്തിമാ ഐലന്റ്, കണക്കന്‍തുരുത്ത്, അരുളപ്പന്‍തുരുത്ത് തുടങ്ങി നിരവധി തുരുത്തുകാരും മണ്‍ട്രോതുരുത്ത്, പേഴുംതുരുത്ത്, അഷ്ടമുടി, കോയിവിള, പ്രാക്കുളം, സാമ്പ്രാണിക്കോടി, അരവിള തുടങ്ങിയ നിരവധിസ്ഥലങ്ങളിലെ ആളുകള്‍ പലതരത്തില്‍ ഉപയോഗിച്ച് വന്നിരുന്നതാണ് അഷ്ടമുടിക്കായല്‍. ആദ്യകാലങ്ങളില്‍ ഏറ്റവുംനല്ല ശുദ്ധജലതടാകമായിരുന്നു. എന്നാല്‍ അടുത്തകാലത്തായി ജില്ലാ ആശുപത്രിയിലെ മാലിന്യങ്ങളും ആശുപത്രി മരുന്നുകളുടെ അവശിഷ്ടങ്ങളും അറവുമാടുകളേയും കോഴി വേസ്റ്റുകളുടേയും അവശിഷ്ടങ്ങളും വെള്ളത്തില്‍ കലര്‍ന്ന് കായലിലെ വെള്ളത്തിന് വലിയ ദുര്‍ഗന്ധം അനുഭവപ്പെടുകയാണ്. ഇതിനെ തുടര്‍ന്ന് ജലത്തില്‍ അപകടകരമായ രീതിയില്‍ കോളിഫോം ബാക്ടീരിയകലുടെ സാന്നിധ്യം അടുത്തിടെ കണ്ടെത്തിയിരുന്നു. എന്നിട്ടും മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ജില്ലാ ആശുപത്രി, വിക്ടോറിയ ആശുപത്രി, ചുറ്റാകെയുള്ള ഹോട്ടലുകളിലെ മാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ ഇപ്പോഴും ഒഴുകി അഷ്ടമുടിക്കായലില്‍ പതിക്കുകയാണ്. ഇതുകൂടാതെ കായലിന് ചുറ്റാകെയുള്ള വീടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങളും ഇവിടെ ധാരാളമായി ഒഴുകിയെത്താറുണ്ട്. ഇവ അഴുകികിടക്കന്നതുമൂലം വെള്ളത്തിന് അതീവദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ട്. പലരീതിയിലും കായല്‍ജലം മലിനമായതോടെ പൊതുജനങ്ങള്‍ക്കും മല്‍സ്യതൊഴിലാളികള്‍ക്കും കായലിനുസമീപം താമസിക്കുന്നവര്‍ക്കും ഇതുവഴി യാത്രചെയ്യുന്നവര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയായിരിക്കുന്നു. കായലിന്റെ ചിലഭാഗങ്ങളില്‍ ഇന്നും കണ്ടല്‍ക്കാടുകള്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. അവ ദേശാടനപക്ഷികള്‍ക്കും നാട്ടുപക്ഷികള്‍ക്കും മല്‍സ്യങ്ങള്‍ക്കും വളരാനും പ്രജനനം നടത്താനും അവസരമുണ്ടായിരുന്നു. എന്നാല്‍ പലസ്ഥലങ്ങളിലും കണ്ടല്‍ക്കാടുകള്‍ നശിച്ചിവരുകയാണ്. എന്താണിതിന് കാരണമെന്ന് അന്വേഷിക്കാന്‍പോലും ബന്ധപ്പെട്ടവര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. ദേശീയജലപാതയുടെ പ്രധാനഭാഗങ്ങളാണ് അഷ്ടമുടിക്കായല്‍. അതില്‍ വിനോദസഞ്ചാരികള്‍ കായല്‍സൗന്ദര്യം ആസ്വദിക്കാനായി ഉപയോഗിച്ച് വരുന്നുണ്ട്. അടുത്തകാലംവരെ കായലിലൂടെ ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബോട്ട് സര്‍വീസുകള്‍ നടത്തിയിരുന്നു. കായല്‍ മലിനമായതോടെയും ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നെന്നും പറഞ്ഞ് ഇതുവഴിയുള്ള ബോട്ട് സര്‍വീസുകളും വളരെ കുറവാണ്. ഇത് ജില്ലയുടെ ടൂറിസം വ്യവസായത്തിനുതന്നെ കടുത്ത പ്രത്യാഘാതങ്ങളാണ് വരുത്തിയിരിക്കുന്നത്. കായലിന്റെ പലഭാഗങ്ങളിലും ഭിത്തികെട്ടി സംരക്ഷിച്ചിട്ടില്ല. ഇതുമൂലം മഴക്കാലമാകുന്നതോടെ വന്‍തോതില്‍ കരകളില്‍നിന്ന് മണ്ണിടിഞ്ഞിറങ്ങി കായല്‍ നികത്താറുണ്ട്. കൂടാതെ പലസ്ഥലങ്ങളിലും വ്യാപകമായ രീതിയില്‍ അനധികൃത കൈയേറ്റങ്ങളും നടന്നുവരുന്നു. ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിച്ചാല്‍തന്നെ അവര്‍ ഇതുകണ്ടില്ലെന്ന് നടിക്കുകയാണ്. ഇതുമൂലം കായലിന്റെ വിസ്തൃതി വളരെ കുറഞ്ഞുവരുകയാണ്.
അടുത്തകാലംവരെ കായലില്‍നിന്ന് രുചികരമായ നാടന്‍മല്‍സ്യങ്ങള്‍, കക്കാ, കരിമീന്‍, കല്ലുമ്മകക്ക തുടങ്ങിയ ആവശ്യാനുസരണം ലഭിച്ചിരുന്നു. എന്നാല്‍ കായലിലൂടെ കടന്നുപോകുന്ന യന്ത്രവല്‍കൃത ബോട്ടുകളില്‍നിന്നും ഒഴുകിവീഴുന്ന എണ്ണ കായല്‍ജലത്തില്‍ പടര്‍ന്നുകിടക്കുന്നത് മൂലം മല്‍സ്യസമ്പത്തും നശിക്കുകയാണ്. നാടന്‍മല്‍സ്യങ്ങള്‍ വളരെ കുറഞ്ഞതായി മല്‍സ്യതൊഴിലാളികള്‍ പറയുന്നു. എണ്ണ കായല്‍ജലത്തിന് മുകളില്‍ കിടക്കുന്നതുമൂലം മല്‍സ്യങ്ങളുടെ പ്രജനനത്തേയും ബാധിക്കുന്നുണ്ട്. വിനോദസഞ്ചാരികള്‍ക്കായി ഓരോരോ കാരണംപറഞ്ഞ് സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നുണ്ട്. എന്നാല്‍ കക്കാ തുടങ്ങിയ മല്‍സ്യവിഭാഗങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തി കോടിക്കണക്കിന് രൂപ വിദേശനാണ്യം ഇനത്തില്‍ സംസ്ഥാനസര്‍ക്കാരിന് ലഭിച്ചിട്ടും കായല്‍സംരക്ഷണത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it