palakkad local

മാലിന്യക്കൂമ്പാരമായി ആലത്തൂര്‍ നഗരം



ആലത്തൂര്‍: മാലിന്യം എവിടെ വേണമെങ്കിലും തള്ളാമെന്ന സ്ഥിതിയെത്തുടര്‍ന്നു  ആലത്തൂര്‍ നഗരം മാലിന്യ കൂമ്പാരമായി. നഗരത്തിലും പരിസരത്തുമായി വിവിധയിടങ്ങളില്‍ മാലിന്യ കൂമ്പാരം മൂലം യാത്രക്കാര്‍ക്ക് വഴി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്.മാലിന്യം തള്ളുന്നതിനായി കൃത്യമായ സ്ഥലമോ ക്രമീകരണമോ ഇല്ലാത്തതിനാല്‍ എല്ലാവരും തോന്നും പോലെ തള്ളുകയാണ് ചെയ്യുന്നത്. പൊതു സ്ഥലങ്ങളില്‍ നിയന്ത്രണമില്ലാതെ പ്ലാസ്റ്റിക് കവറിലാക്കിയാണ് മാലിന്യം തള്ളുന്നത്. വ്യാപാര സ്ഥാപനങ്ങളിലേയും ബസ് സ്റ്റാന്‍ഡ്, സ്‌കൂള്‍ പരിസരം, എന്നിവിടങ്ങളിലെയും മാലിന്യം മാത്രമാണ് പഞ്ചായത്ത് നീക്കം ചെയ്യുന്നത്. ബാക്കിയുള്ള സ്ഥലങ്ങളിലെ മാലിന്യം കൂടി റോഡിലേക്ക് വരുന്ന സ്ഥിതിയുണ്ട്. ഇവ തെരുവ് നായ്ക്കള്‍ കടിച്ചു വലിച്ച് പലയിടങ്ങളില്‍ ഉപേക്ഷിക്കുകയാണ്.  മെയിന്‍ റോഡ് എസ്ബിഐ ബാങ്കിനു സമീപം, ലിങ്ക് റോഡ്, മൂച്ചിക്കാട്, ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്‍വശം, ടിബിക്കു സമീപം ട്രാന്‍സ്‌ഫോര്‍മറിനു മുന്‍ഭാഗം, ബാങ്ക് റോഡ് എന്നിവിടങ്ങളിലാണ് കൂടുതലായി മാലിന്യം നിക്ഷേപിക്കുന്നത്. ആലത്തൂര്‍ എ എസ് എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ ഇടയിലുള്ള റോഡില്‍ പോലിസ് മാലിന്യം നിക്ഷേപിക്കരുതെന്ന ബോര്‍ഡ് വെച്ചിട്ടും മാലിന്യം തള്ളുന്നുണ്ട്. ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാലിന്യ നിര്‍മാര്‍ജനം നടത്തുന്നതിന് ബോധവല്‍ക്കരണവും റാലിയും നടത്തിയെങ്കിലും മാലിന്യം മൂലം വഴി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.  അറവുമാലിന്യവും കോഴിവേസ്റ്റുള്‍പ്പടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് മൂലം തെരുവ് നായ ശല്യവും വര്‍ധിച്ചു.തുടര്‍ന്നു നിരവധി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്ന സ്ഥിതിയുമുണ്ടായി. ടൗണിലെ മുഴുവന്‍ സ്ഥലങ്ങളിലേയും മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it