ernakulam local

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ നിരീക്ഷണ കാമറകള്‍

കളമശ്ശേരി: മാലിന്യ സംസ്‌കരണത്തില്‍ ഏറെ പ്രതിസന്ധി നേരിടുന്ന കളമശ്ശേരി നഗരസഭയിലും ഏലൂര്‍ നഗരസഭയും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും സ്‌കോഡ് പ്രവര്‍ത്തനം ശക്തമാക്കാനും തീരുമാനം.
കളമശ്ശേരി നഗരസഭയില്‍ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് നഗരസഭയുടെ 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ച് 20 ആധുനിക കാമറകളാണ് വാങ്ങിയിരിക്കുന്നത്.
ഇത് കളമശ്ശേരിയുടെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കും. ഇന്റര്‍നെറ്റ് വഴി പ്രവര്‍ത്തിക്കുന്ന കാമറയുടെ നിരീക്ഷണകേന്ദ്രം നഗരസഭയിലെ ആരോഗ്യ വിഭാഗത്തില്‍ സ്ഥാപിക്കും.  കാമറകള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍ ആരോഗ്യ വിഭാഗം കണ്ടെത്തി കൗണ്‍സിലിന്റെ അംഗീകാരത്തിനായി നല്‍കിയിരിക്കുകയാണ്.
അടുത്ത കൗണ്‍സില്‍ യോഗം ഇത് അംഗീകരിക്കുന്നതോടെ കാമറകള്‍ സ്ഥാപിക്കുന്ന ജോലി ആരംഭിക്കും.
കണ്ടെയ്‌നര്‍ റോഡ്, നഗരസഭ മാര്‍ക്കറ്റ്, കുസാറ്റ്, ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ്, റോക് വെല്‍ റോഡ്, പൈപ്പ് ലൈന്‍ റോഡ്, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 15 ഓളം കേന്ദ്രങ്ങളില്‍ ആണ് ആദ്യഘട്ടത്തില്‍ കാമറകള്‍ സ്ഥാപിക്കുന്നത്. ഏലൂര്‍ നഗരസഭയില്‍ ക്ലീന്‍ ഏലൂര്‍ പദ്ധതി വിജയകരമായി മൂന്നോട്ട് കൊണ്ട് പോവുന്നതിനിടയില്‍ സമീപ നഗരസഭകളില്‍ നിന്നും പഞ്ചായത്തുകളില്‍ നിന്നും മാലിന്യം മഞ്ഞുമ്മല്‍, ആറാട്ട്കടവ് എയറോബിക്ക് കംപോസ്റ്റ് ബിന്നില്‍ കൊണ്ട് വന്ന് അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുന്നതിന് കൗണ്‍സിലര്‍മാരും നാട്ടുകാരും ചേര്‍ന്ന് രാത്രികാല സ്‌ക്വാഡിന് രൂപം നല്‍കി.
കഴിഞ്ഞ ദിവസം പിടികൂടിയവരെ താക്കീത് ചെയ്യുകയും വൃക്ഷതൈകള്‍ നല്‍കി പറഞ്ഞ് വിടുകയും ആയിരുന്നു. വരും ദിവസങ്ങളില്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം.
Next Story

RELATED STORIES

Share it