kannur local

മാലിന്യം വലിച്ചെറിഞ്ഞു; മേയര്‍ കൈയോടെ പിടികൂടി

കണ്ണൂര്‍: ലോറിയില്‍ നിന്നും പട്ടാപ്പകല്‍ മാലിന്യം വലിച്ചെറിഞ്ഞവരെ മേയര്‍ ഇ പി ലൈത കൈയോടെ പിടികൂടി. ഇന്നലെ ഉച്ചയ്ക്കു ശേഷം ചാലക്കുന്നിലായിരുന്നു സംഭവം. തലശ്ശേരി, പാനൂര്‍ മേഖലയില്‍ അരി ഇറക്കി തിരിച്ച് കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ആന്ധ്രയില്‍ നിന്നുള്ള നാഷനല്‍പെര്‍മിറ്റ് ലോറിയില്‍ ഇവിടെയുള്ള ചില വ്യാപാരികള്‍ മാലിന്യം നിറച്ച ചാക്കുകള്‍ കൊടുത്തുവിട്ടു. വഴിയിലെവിടെയെങ്കിലും കളയാന്‍ നിര്‍ദ്ദേശം കൊടുത്ത് പണവും നല്‍കി. ഇതനുസരിച്ച് ലോറി ജീവനക്കാര്‍ ചാല വളവിലെത്തിയപ്പോള്‍ ചാക്കുകള്‍ ഓരോന്ന് ഓരോന്നായി റോഡരികിലേക്ക് വലിച്ചെറിയാന്‍ തുടങ്ങി. ഈ സമയത്താണ് മേയര്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് കണ്ണൂരിലേക്ക് തിരിച്ചു വരുന്നത്.
കോര്‍പറേഷന്‍ പരിധിയില്‍ ചാക്കില്‍നിറച്ച മാലിന്യം പട്ടാപ്പകല്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട മേയര്‍, ലോറിതടഞ്ഞു നിര്‍ത്തുകയും വിവരം എടക്കാട് പോലിസിലും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും അറിയിക്കുകയുമായിരുന്നു. പോലിസെത്തി ലോറി കസറ്റിഡിയിലെടുത്ത ശേഷം ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് കൈമാറുകയായിരുന്നു. വലിച്ചെറിഞ്ഞ മാലിന്യം ലോറി ജീവനക്കാരെ കൊണ്ടു തന്നെ തിരികെയുടുപ്പിച്ചു. ലോറി ജീവനക്കാര്‍ക്കെതിരേ തുടര്‍ നടപടി സ്വീകരിക്കുമെന്നും മാലിന്യ നിക്ഷേപത്തിനെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മേയര്‍ അറിയിച്ചു.
ചാലവളവില്‍ മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിട്ട് നാളേറെയായി. ചാലവളവ് മുതല്‍ കിഴുത്തള്ളിവരെരാത്രിസമയങ്ങളില്‍ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യം കൊണ്ട് യാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്. പ്രദേശത്ത് വന്‍ദുര്‍ഗന്ധവുമുണ്ട്. ഇടക്കാലത്ത് നാട്ടുകാര്‍ രാത്രികാലങ്ങളില്‍ കാവല്‍ നിന്നിരുന്നെങ്കിലും മാലിന്യ നിക്ഷേപത്തിന് യാതൊരു കുറവുമില്ല. അറവുമാലിന്യം, കല്യാണ വീട്ടിലെ മാലിന്യം തുടങ്ങിയവ ഇവിടെ വലിച്ചെറിയുന്നതിനാല്‍ നായശല്യവും രൂക്ഷമാണ്.
Next Story

RELATED STORIES

Share it