kasaragod local

മാലിന്യം റോഡരികില്‍ കത്തിക്കുന്നു; ആശങ്കയോടെ ജനങ്ങള്‍

കാസര്‍കോട്: മാലിന്യം റോഡരികില്‍ കത്തിക്കുന്നു. പുക ശ്വസിച്ച് ആശങ്കയോടെ ജനങ്ങള്‍ നഗരത്തിലെ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളാണ് റോഡരികില്‍ കൂട്ടിയിട്ട് കത്തിക്കുന്നത്. രാത്രിയില്‍ വ്യാപാര സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ വ്യാപാരികള്‍ തന്നെ കത്തിച്ചു കളയുമ്പോള്‍ രാവിലെ നഗരസഭ ജീവനക്കാര്‍ മാലിന്യങ്ങള്‍ ശേഖരിച്ച് കൂട്ടിയിട്ട് കത്തിക്കുകയാണ്. രാവിലെ പ്രഭാതസവാരിക്കിറങ്ങുന്നവരും രാവിലെ നഗരത്തില്‍ എത്തുന്ന വരും മാലിന്യത്തില്‍ നിന്നുയരുന്ന മാരകമായ പുക ശ്വസിക്കേണ്ടി വരുന്നു.
ഇത് അര്‍ബുദം, ശ്വാസതടസം തുടങ്ങിയ മാരകമായ രോഗങ്ങള്‍ വരാന്‍ ഇടയാക്കുന്നു. രാവിലെ കത്തിക്കുന്ന പ്ലാസ്റ്റിക്ക് അടങ്ങിയ മാലിന്യം ഉച്ചവരേയും കത്തുന്നു. കാറ്റില്‍ പുക പടര്‍ന്ന് നഗരം മുഴുവന്‍ വ്യാപിക്കുന്നു. ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തെ നഗരസഭ കാര്യാലയത്തിനിടയിലുള്ള സ്ഥലത്തും മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് കാരണം വിദ്യാര്‍ഥികളടക്കുള്ള വര്‍ ഭീതിയിലാണ്. ഫോര്‍ട്ട് റോഡിലെ ടി എ ഇബ്രാഹിം സ്ട്രീറ്റില്‍ മാലിന്യങ്ങള്‍ തള്ളുന്നത് റോഡരികിലാണ്. കഴിഞ്ഞ ദിവസം ഇതിന് തീയിട്ടത് പരിസരങ്ങളില്‍ പുക പടരാന്‍ ഇടയാക്കിയിരുന്നു.
രാത്രി അലക്ഷ്യമായി കത്തിക്കുന്ന മാലിന്യങ്ങളില്‍ നിന്ന് വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ തീപ്പൊരി പടരുന്നതും അപകടത്തിനിടയാക്കുന്നു. നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായ കേളുഗുഡെയില്‍ മാലിന്യം നിക്ഷേപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിലേറെയായി മാലിന്യം ഇവിടെ തള്ളുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഏതാനും വര്‍ഷം മുമ്പ് നഗരസഭയിലെ മാലിന്യം സംസ്‌കരിക്കാന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി മധൂര്‍ പഞ്ചായത്തിലെ കൊല്ലങ്കാനത്ത് 5.46 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. എന്നാല്‍ ഇവിടെ മാലിന്യ സംസ്‌കരണ പ്ലാന്റിന് മധൂര്‍ പഞ്ചായത്ത് അനുമതി നല്‍കിയിരുന്നില്ല. കൂടാതെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്ലാന്റിനെതിരെ രംഗത്തുവന്നതോടെ ഇതും ഉപേക്ഷിച്ചിരിക്കുകയാണ്. നഗരസഭയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നുണ്ടെങ്കിലും ഇത് സംസ്‌കരിക്കാന്‍ മറ്റു സംവിധാനങ്ങളില്ല.
ഇതോടെയാണ് നഗരസഭാ ജീവനക്കാര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത്. ഉറവിട സംസ്‌കരണ മാലിന്യ പദ്ധതി നഗരസഭ ആവിഷ്‌ക്കരിച്ചിരുന്നുവെങ്കിലും ഇത് പൂര്‍ണ്ണമായും വിജയമായിട്ടില്ല. ഇറച്ചി, മല്‍സ്യ, പച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാനും നടപടിയില്ല.കോടികള്‍ മുടക്കി കാസര്‍കോട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ് സ്ഥാപിച്ചെങ്കിലും ഇവിടെ നിന്നുള്ള മലിനജലം നഗരത്തിലേക്ക് തന്നെയാണ് ഒഴുകിയെത്തുന്നത്. മഴക്കാലമാകുന്നതോടെ നഗരത്തില്‍ മാലിന്യ പ്രശ്‌നം രൂക്ഷമാവുമെന്ന ആശങ്കയിലാണ് വ്യാപാരികളും നഗരവാസികളും.
നഗരസഭയിലെ റോഡുകളുടെ ഓടകള്‍ വൃത്തിയാക്കാനോ മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ ഇതുവരെ തയ്യാറായിട്ടില്ല. മഴ വെള്ളം ഒലിച്ചുവരുന്നതോടെ ഇനി മാലിന്യങ്ങള്‍ റോഡിലേക്കൊഴുകും. മലിനജലം കെട്ടിക്കിടന്ന് കൊതുകുകള്‍ വളരുകയും ചെയ്യും. ഇത് പകര്‍ച്ചാവ്യാധിക്ക് കാരണമാകും. ദേശീയപാതയോരത്തും വിവിധ പഞ്ചായത്ത് അതിര്‍ത്തികളിലും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. ഇത് നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി ആവിഷ്‌ക്കരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it