Kottayam Local

മാലിന്യം മീനച്ചിലാറ്റിലേക്ക് ഒഴുകുന്നു; ഈരാറ്റുപേട്ട മാലിന്യ സംസ്‌കരണ കേന്ദ്രം അവഗണനയില്‍

ഈരാറ്റുപേട്ട: പകര്‍ച്ചപ്പനികള്‍ പടര്‍ന്ന് പിടിക്കുമ്പോഴും അതികൃരുടെ അവഗണയാല്‍ വീര്‍പ്പുമുട്ടി നഗരസഭാ മാലിന്യ സംസ്‌കരണ കേന്ദ്രം. മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ആധുനിക സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് നഗരസഭ മുന്‍ഗണന നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.
ഇവിടേയ്ക്ക് കൊണ്ടുവരുന്ന മാലിന്യങ്ങള്‍ തീയിടുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച സംസ്‌കരണ കേന്ദ്രത്തിനു ശരിയായ ചുറ്റുമതില്‍ പോലുമില്ല. മഴക്കാലമായാല്‍ മാലിന്യം മീനച്ചിലാറ്റിലേയ്ക്ക് ഒഴുകിയിറങ്ങുകയാണ്. ഇവ സമീപവാസികള്‍ക്ക് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നുണ്ട്. ഈരാറ്റുപേട്ട പഞ്ചായത്തില്‍ നിന്ന് നഗരസഭയായിട്ടും മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനായിട്ടില്ല. കാലങ്ങളായി ബജറ്റില്‍ സംസ്‌കരണ കേന്ദ്രം നവീകരണത്തിനു തുക മാറ്റി വയ്ക്കുന്നതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. വേനല്‍ക്കലത്ത് ഇവിടുത്തെ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ അന്തരീഷ മലിനീകരണവും ഒപ്പം അഗ്‌നിബാധയും ഉണ്ടാവുന്നു. മാലിന്യ സംസ്‌കരണ കേന്ദ്രത്തിലിട്ട തീ സമീപത്തുള്ള റബര്‍ തോട്ടങ്ങളിലേയ്ക്കു പടരുക പതിവാണ്. മൂന്ന് മാസം മുമ്പുണ്ടായ അഗ്‌നി ബാധയില്‍ അഞ്ച് ഏക്കറോളം റബര്‍തോട്ടമാണ് കത്തി നശിച്ചത്. ആള്‍താമസമില്ലാത്ത ഒരു വീടും നിരവധി കൃഷികളും കത്തി നശിച്ചു. റോഡ് സൗകര്യം കുറവായതിനാല്‍ ഫയര്‍ ഫോഴ്‌സിനും സമയത്തെത്തി അഗ്‌നി നിയന്ത്രിക്കാനായില്ല. മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് നഗരസഭ മുന്‍ഗണന നല്‍കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it