മാലിന്യം ഭക്ഷണമാക്കി ആദിവാസി ബാലന്‍മാര്‍; അന്വേഷണത്തിനു നിര്‍ദേശം

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ തിരുവോണപ്പുറം അമ്പലക്കുഴി കോളനിയിലെ മാലിന്യം ഭക്ഷണമാക്കിയ ആദിവാസി ബാലന്‍മാരെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലിസിനു നിര്‍ദേശം. കണ്ണൂര്‍ ജില്ലാ കലക്ടര്‍, ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ എന്നിവര്‍ നല്‍കിയ പ്രാഥമിക അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പി കെ ജയലക്ഷ്മി പോലിസിനു നിര്‍ദേശം നല്‍കിയത്.
കണ്ണൂര്‍ ജില്ലാ പോലിസ് ചീഫിനെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്ത് നല്‍കിയിട്ടുണ്ട്. പട്ടികവര്‍ഗ വികസനവകുപ്പിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറും ഐടിഡിപി പ്രൊജക്റ്റ് ഓഫിസറും കോളനിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കുട്ടികളെയും കുട്ടികളുടെ മാതാപിതാക്കളെയും നേരില്‍ക്കണ്ടു നടത്തിയ അന്വേഷണത്തില്‍ അമ്പലക്കുഴി കോളനിയിലെ ശാരദ-രാജീവന്‍ ദമ്പതികളുടെ മക്കള്‍ സ്‌കൂളില്‍ പോവാറില്ലെന്നു വ്യക്തമായി.
പട്ടികവര്‍ഗ വികസനവകുപ്പിന്റെ ഫുഡ് സപ്പോര്‍ട്ട് പദ്ധതി നടപ്പാക്കുന്ന കോളനിയാണിത്. കൂടാതെ മാതാപിതാക്കള്‍ക്ക് പ്രദേശത്തു സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. ജോലിയെടുത്ത് നല്ല രീതിയില്‍ കുടുംബം പോറ്റുന്ന ദമ്പതികളാണിവര്‍. വാസയോഗ്യമായ വീട്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും ഉണ്ട്. പട്ടികവര്‍ഗ വികസനവകുപ്പ് ഇരിട്ടി ബ്ലോക്കില്‍ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയില്‍ ഈ കോളനിയെ ഉള്‍പ്പെടുത്തി പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
ഇവരുടെ കുടുംബം ഉള്‍പ്പെടെ രണ്ടു കുടുംബങ്ങള്‍ക്ക് ആറളം പുനരധിവാസ മേഖലയിലെ 10ാം ബ്ലോക്കില്‍ ഒരേക്കര്‍ ഭൂമി വീതം നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ താമസിക്കുന്ന പ്രദേശം വിട്ട് ലഭിച്ച പ്ലോട്ടിലേക്ക് പോവാന്‍ ഇവര്‍ ഇതുവരെ കൂട്ടാക്കിയിട്ടില്ല.
മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ കുട്ടികള്‍ പോയിട്ടുണ്ടെന്ന കാര്യം മാധ്യമവാര്‍ത്തയെ തുടര്‍ന്നാണ് കുട്ടികളുടെ മാതാപിതാക്കള്‍ അറിയുന്നത്. മാലിന്യങ്ങളില്‍നിന്ന് കുട്ടികള്‍ ഭക്ഷണം കഴിച്ചിട്ടില്ല. സംസ്‌കരണ കേന്ദ്രത്തില്‍ പോയപ്പോള്‍ ഇവിടെ മാലിന്യം തള്ളുന്ന ട്രാക്ടര്‍ ഡ്രൈവര്‍ കുട്ടികള്‍ക്കു പഴം നല്‍കി മൊബൈലില്‍ ഫോട്ടോ എടുത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഒരാള്‍ പൊക്കത്തിലുള്ള ചുറ്റുമതിലിനുള്ളിലാണ് മാലിന്യസംസ്‌കരണ കേന്ദ്രം. ചുറ്റും റബര്‍ തോട്ടമാണ്. ഇവിടത്തെ ജോലിക്കാര്‍ ഗേറ്റ് തുറക്കാതെ ആര്‍ക്കും അകത്തു പ്രവേശിക്കാനാവില്ല. അതുകൊണ്ടുതന്നെ ജോലിക്കാരുടെ അറിവില്ലാതെ ആര്‍ക്കും മാലിന്യകേന്ദ്രത്തില്‍ എത്താനാവില്ല.
അതിനാല്‍ വാര്‍ത്ത വരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാനാണു നിര്‍ദേശം. ഈ പ്രദേശത്തെ സ്‌കൂളില്‍ പോവാത്ത കുട്ടികളെ സ്‌കൂളിലെത്തിക്കാനായി മുഴുവന്‍ കുട്ടികളെയും ഗോത്രസാരഥി പദ്ധതിയില്‍ അംഗങ്ങളാക്കിയിട്ടുണ്ട്.
മാധ്യമങ്ങളുയര്‍ത്തിക്കാട്ടിയ മൂന്നു കുട്ടികളെയും വയനാട് പേര്യയിലുള്ള പഴശ്ശിരാജ ആശ്രമം സ്‌കൂളില്‍ ചേര്‍ത്തിട്ടുണ്ട്. ഈ കോളനിയില്‍ 100കിലോ അരി, 41 കിലോ ചെറുപയര്‍, 20 കിലോ തുവരപ്പരിപ്പ്, വാഴക്കുല എന്നിവ വിതരണം ചെയ്തിട്ടുണ്ട്. പട്ടികവര്‍ഗ വികസനവകുപ്പ്, കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂവകുപ്പ് എന്നിവ നടത്തിയ അന്വേഷണത്തിനു പുറമെയാണ് പോലിസ് അന്വേഷണത്തിനും മന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it