Idukki local

മാലിന്യം: പൂപ്പാറയെ സഞ്ചാരികള്‍ കൈയൊഴിയുന്നു



പൂപ്പാറ: പ്രകൃതി മനോഹാരിതയുടെ മടിത്തട്ടില്‍ പച്ചവിരിച്ച് തേയിലക്കാടുകള്‍ക്ക് നടുവിലായി സ്ഥിതിചെയ്യുന്ന പൂപ്പാറ ടൗണില്‍ മാലിന്യം കുന്നുകൂടുന്നു. അറവുമാലിന്യങ്ങളടക്കം ഒഴുക്കിവിടുന്നത് ആയിരങ്ങളുടെ കുടിവെള്ള സ്രോതസ്സായ പന്നിയാര്‍ പുഴയിലേക്കാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അധികൃതരും തയ്യാറാകുന്നില്ല. ഹൈറേഞ്ചിന്റെ പ്രകൃതിയുടെ മനോഹാരിതയും ജൈവ വൈവിധ്യവും ഇന്ന് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ വന്‍തോതിലുള്ള നിക്ഷേപം മൂലം നാശം നേരിടുകയാണ്. മാലിന്യപ്രശ്‌നം രൂക്ഷമായതോടെ വിനോദ സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന അവസ്ഥയുമുണ്ട്. അതില്‍ പ്രധാന പ്രദേശമാണ് ആരെയും ആകര്‍ഷിക്കുന്ന പൂപ്പാറ. മഞ്ഞും തണുപ്പും നിറഞ്ഞ് നില്‍ക്കുന്ന പൂപ്പാറ ടൗണില്‍ ഏറ്റവും വലിയ പ്രതിസന്ധി അറവുമാലിന്യങ്ങളടക്കം അടിഞ്ഞു കൂടുന്ന തടാകത്തിന് സമാനമായ വെള്ളക്കെട്ടാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലയ്ക്ക് പഞ്ചായത്തിന്റേയോ ആരോഗ്യ വകുപ്പിന്റെയോ അംഗീകാരമില്ല.  ഇടുങ്ങിയ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ കുന്നുകൂടുന്ന മാലിന്യം ശക്തമായ മഴയില്‍ ഒഴുകിയെത്തുന്നത് പന്നിയാര്‍ പുഴയിലേക്കാണ്. രാജാക്കാട്, രാജകുമാരി, ശാന്തമ്പാറ, സേനാപതി തുടങ്ങിയ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് വരുന്ന കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് പന്നിയാര്‍ പുഴ. പുഴയെ മാലിന്യമുക്തമാക്കി സംരക്ഷിക്കണമെന്നും പൂപ്പാറയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it