kozhikode local

മാലിന്യം പുറന്തള്ളുന്നു; നാട്ടുകാര്‍ ലേബര്‍ ക്യാംപ് ഉപരോധിച്ചു

കുറ്റിക്കാട്ടൂര്‍: വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ ക്യാംപ് പരിസരവാസികള്‍ ഉപരോധിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ 300ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിപ്പിക്കുകയും മാലിന്യ സംസ്‌കരണത്തിന് സംവിധാനമുണ്ടാക്കാതെ പുഴയോട് ചേര്‍ന്ന ചതുപ്പ് പ്രദേശത്ത് മണ്ണില്‍ കുഴിയെടുത്ത് കക്കൂസ് മാലിന്യം ഒഴുകിവിടുന്ന പാറകോട് താഴത്തെ ശോഭാ ഡവലപ്പേഴ്‌സിന്റെ ലേബര്‍ ക്യാംപിനെതിരേ മാസങ്ങളായി നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
മഴ പെയ്യുന്നതോടെ പ്രദേശത്ത് മാലിന്യം പരന്നൊഴുകുന്നതായാണ് പരാതി. പഞ്ചായത്ത് അധികൃതര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും പ്രശ്‌നത്തിന് പരിഹാരമില്ലാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വ്യാഴാഴ്ച പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. ഭരണസമിതി 24 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയിരുന്നു.
മാനേജ്‌മെന്റ് ഇത് അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹരിതം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നലെ ലേബര്‍ ക്യാംപ് നാട്ടുകാര്‍ ഉപരോധിച്ചത്. നല്ലളം സിഐ ഇടപെട്ട് ഇന്ന് വിവിധ രാഷ്ട്രീയ പ്രതിനിധികളുടെയും മാനേജ്‌മെന്റിന്റെയും യോഗം വിളിച്ചു പരിഹരിക്കും എന്ന ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിച്ചു.13-ാം വാര്‍ഡ് മെമ്പര്‍ ബാലന്‍ കിഴക്കെതൊടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമാല്‍പുരം, ദിനേഷ് പെരുമണ്ണ, കെ അഹമ്മദ്, ബാലന്‍നായര്‍, ബാബുമോന്‍, നൗഷാദ് സംസാരിച്ചു.



Next Story

RELATED STORIES

Share it