thrissur local

മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നു

ചാലക്കുടി: കാതിക്കുടം എന്‍ജിഐഎല്‍ കമ്പനിയില്‍ നിന്നും മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. മാലിന്യങ്ങള്‍ പുറത്തേക്കൊഴുക്കിവിടുന്നത് തടയാന്‍ ആക്ഷണ്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ഇവിടെ നിന്നും പുഴയിലേക്ക് മാലിന്യങ്ങള്‍ ഘട്ടം ഘട്ടമായി തുറന്ന് വിടുന്നുണ്ടെന്നും പരാതിയുണ്ട്. കമ്പനിയില്‍ നിന്നു ഖരമാലിന്യങ്ങള്‍ ലോറിയില്‍ കടത്തികൊണ്ടുപോയത് കഴിഞ്ഞാഴ്ച ആക്ഷണ്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. മാലിന്യവുമായി പോവുകയായിരുന്ന നാല് ലോറികളാണ് അന്ന് പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചത്. തുടര്‍ന്ന് പോലിസെത്തി ലോറികള്‍ കമ്പനിയിലേക്ക് തന്നെ തിരിച്ചയച്ചു. എന്നാല്‍ ഇത് മാലിന്യങ്ങളല്ല ജൈവവളമാണെന്നായിരുന്നു കമ്പനി അധികൃതരുടെ വിശദീകരണം. ജൈവവളത്തിന്റെ മറവില്‍ വര്‍ഷങ്ങളായി ഇവിടെ നിന്നു മാലിന്യങ്ങളാണ് പാലക്കാട് ജില്ലയിലെ ഒരു മലയിടിക്കിലേക്ക് കയറ്റിവിട്ടിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഈ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് കഴിഞ്ഞ ദിവസത്തെ സംഭവം. പാലക്കാട് ജില്ലയിലെ മേട്ടുപ്പാളത്ത് വച്ച് മാലിന്യ ലോറികള്‍ അവിടത്തെ പ്രദേശവാസികള്‍ തടഞ്ഞ് പാലക്കാട്  ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം പോലിസ് അകമ്പടിയോടെ കാതിക്കുടം കമ്പനിയിലേക്ക് തന്നെ തിരച്ചയക്കുകയായിരുന്നു. പോലിസ് അകമ്പടിയോടെ കൊരട്ടി ജങ്ഷനിലെത്തിയ മാലിന്യ ലോറിക്ക് സമീപം കാതിക്കുടത്തെ നിവാസികള്‍ തടിച്ച് കൂടി. പ്രതിഷേധം ശക്തമായതോടെ സംഘര്‍ഷമൊഴിവാക്കാന്‍ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു കെ തോമസിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘവും എത്തിയിരുന്നു. ലോറിയില്‍ ചെരിപ്പ് മാലയണിയിച്ചും പടക്കം പൊട്ടിച്ചും നാട്ടുകാര്‍ പ്രതിഷേധമറിയിച്ചു. കമ്പനിപടിക്കല്‍ മാലിന്യ ലോറിയെത്തിയതോടെ ആക്ഷണ്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിശദീകരണ യോഗം നടത്തി. പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലെ കള്ളിയമ്പാറയില്‍ ആദിവാസി ഊരിനോട് ചേര്‍ന്ന് എഴുപത് ഏക്കറോളം വരുന്ന സ്ഥലത്താണ് 2009 മുതല്‍ കമ്പനി രാസമാലിന്യങ്ങള്‍ തള്ളിയിരുന്നത്. അമ്പതിനായിരം ടണ്ണിലധികം രാസമാലിന്യങ്ങളാണ് ഇപ്പോള്‍ അവിടെയുള്ളത്. കള്ളിയമ്പാറയിലെ പ്രദേശവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതോടെയാണ് പഞ്ചായത്തും  ജില്ലാ ഭരണകൂടവും ഇടപ്പെട്ട് മാലിന്യനിക്ഷേപം തടയാന്‍ ജില്ലാ കലക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ഇതിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് കാതിക്കുടം നിവാസികള്‍ നേരിടുന്നത്. ഇവിടെ മാലിന്യങ്ങള്‍ പുഴയിലേക്കാണ് തുറന്ന് വിടുന്നത്. കാതിക്കുടത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് കാടുകുറ്റി പഞ്ചായത്ത് കഴിഞ്ഞ ആറു വര്‍ഷമായി ലൈസന്‍സ് നല്‍കിയിട്ടില്ല. ലൈസന്‍സിനായി കമ്പനി പഞ്ചായത്തിലെ പ്രതിയാക്കി കേസ് കൊടുത്തിരിക്കുകയാണ്. കോടതിയുടെ ഒരു താല്‍കാലിക ഉത്തരവിലാണ് ഇപ്പോള്‍ നിയമങ്ങള്‍ കാറ്റില്‍പറത്ത കമ്പനിയുടെ പ്രവര്‍ത്തനം. നാടിനെ നാശത്തിലേക്ക് നയിക്കുന്ന കമ്പനി അടച്ച് പൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരുമാസം മുമ്പ് കമ്പനിയില്‍ നിന്നും മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിവിട്ടിരുന്ന പൈപ്പ് തകര്‍ന്നിരുന്നു. ഇതില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ പ്രദേശത്താകെ വ്യാപിച്ച് ദുര്‍ഗന്ധം വമിച്ചിരുന്നു. കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം അവഗണിച്ച് പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റ പണികള്‍ നടത്താനായി കമ്പനി അധികൃകര്‍ എത്തിയത് സംഘര്‍ഷത്തിന്റെ വക്കോളമെത്തിയിരുന്നു. പോലിസ് ഇടപെട്ട് കമ്പനി അധികൃതരെ തിരിച്ച് വിട്ടതോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവ് വന്നത്. എല്ലുകളില്‍ നിന്നും ഗുളികകള്‍ക്കാവശ്യമായ ക്യാപ്‌സൂളുകളാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ലോഡ് കണക്കിന് എല്ലുകളാണ് ഇവിടെയെത്തുന്നത്. എല്ലുകളുടെ ശുചീകരണത്തിനായി ടണ്‍കണക്കിന് ആസിഡും ഉപയോഗിക്കുന്നു. ഇതില്‍ നിന്നുള്ള മാലിന്യങ്ങള്‍ നേരിട്ട് പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. അനുവദിനീയമായ അളവിനും കൂടുതലായുള്ള ഉല്‍പാദനമാണ് ഇവിടെ നടക്കുന്നതെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it