Pathanamthitta local

മാലിന്യം നിറഞ്ഞ് തഴയില്‍തോട് അഴുക്കുചാലായി മാറി

പന്തളം: ആശുപത്രി- ശൗചാലയ മാലിന്യവും നിറഞ്ഞ് പന്തളം തഴയില്‍ തോട് അഴുക്കുചാലായി മാറി. കുരമ്പാല കൊച്ചു കുളത്തില്‍ നിന്നും കുരമ്പാല ഏലായിലെ തഴയിലെത്തി  കരിങ്ങാലി പാടശേഖരത്തില്‍ എത്തിച്ചേരുന്നതാണ് തഴയില്‍ തോട്. കൃഷിക്കും ജലസേചനത്തിനും മാത്രമായി ഉപയോഗിച്ചിരുന്ന ഈ തോട്ടില്‍ നിന്നും കുടിക്കാന്‍ പോലും പണ്ട് വെള്ളം എടുത്തിരുന്നതായി പഴമക്കാര്‍ പറഞ്ഞു. എന്നാല്‍ ഇന്നിത് പന്തളത്തെ രണ്ട് പ്രമുഖ സ്വകാര്യ ആശുപത്രി മാലിന്യം ഒഴുക്കുന്ന അഴുക്കുചാലാണ്.
ആശുപത്രി മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലും പൊതുമരാമത്ത് ഓടയിലും ഒഴുക്കുന്നത് വ്യാപകമാണ്. കൂടാതെ അന്യസംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന ഇടങ്ങളിലെ ശൗചാലയമാലിന്യവും തോട്ടില്‍ തള്ളുന്നതും വ്യാപക പരാതിക്കിടയാക്കിയിട്ടുണ്ട്. ശുദ്ധജലസ്‌ത്രോതസുകളും സമീപ കിണറുകളിലെ വെള്ളവും മലിനമായിരിക്കുന്നു.
തോട്ടില്‍ നിന്നും ഒഴുകി കരിങ്ങാലി പാടശേഖരത്തിലെത്തുന്ന വെള്ളം കര്‍ഷകര്‍ക്കും കന്നുകാലികള്‍ക്കും അലര്‍ജിക്കും സാംക്രമിക രോഗത്തിനും കാരണമായിട്ടുള്ളതായി കര്‍ഷകരും സാക്ഷ്യപ്പെടുത്തുന്നു. മാലിന്യ നിക്ഷേപത്തിനെതിരെ നഗരസഭാ ആരോഗ്യ വിഭാഗത്തിലും ആരോഗ്യ വകുപ്പിലും പരാതി നല്‍കിയെങ്കിലും പരിഹാരമായില്ല. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിനു തയ്യാറെടുക്കുകയാണ് പ്രദേശവാസികള്‍.
Next Story

RELATED STORIES

Share it