ernakulam local

മാലിന്യം കെട്ടിക്കിടന്ന് ചീഞ്ഞു നാറിയിട്ടും വൃത്തിയാക്കാതെ അധികൃതര്‍



കോതമംഗലം:  ആഴ്ചകളായി മാലിന്യം കെട്ടിക്കിടന്ന് ചീഞ്ഞു നാറിയിട്ടും നഗരസഭ ആരോഗ്യ വിഭാഗം കണ്ണും പൂട്ടി രസിക്കുന്നു. കോതമംഗലം നഗരത്തിലെ ലോറി സ്റ്റാന്റിലാണ് മാലിന്യങ്ങളുടെ കൂന ഉയര്‍ന്നിട്ടുള്ളത്. പ്രദേശവാസികളും വഴി യാത്രക്കാരും സ്ഥാപന ഉടമകളും നിരന്തരം നഗരസഭ അധികൃതരോട് പരാതി പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മാലിന്യ നീക്കം തടസപ്പെടാനിടയാക്കുന്നത്. കണ്ടിജന്റ് ജീവനക്കാരുടെ കുറവു മൂലമാണ് മാലിന്യം യഥാസമയം നീക്കം ചെയ്യാനാവാത്തതെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം. എന്നാല്‍ മുപ്പതോളം കണ്ടിജന്റ് ജീവനക്കാരെ കൂടാതെ ദിവസവേതന വ്യവസ്ഥയില്‍ കുടുംബശ്രീ അംഗങ്ങളടക്കം നിരവധി ജോലിക്കാരെ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ അനാസ്ഥയാണ് ക്ലീനിങ് തൊഴിലാളികളെ വേണ്ട വിധത്തില്‍ വിന്യസിക്കാത്തതിന് കാരണം. പല ക്ലീനിങ് ജോലിക്കാര്‍ക്കും അനധികൃത അവധി കൊടുത്ത്  മനപ്പൂര്‍വം തൊഴില്‍ തടസം സൃഷ്ടിക്കുന്നതായും ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപമുണ്ട്. എന്നാല്‍ ചില പ്രത്യേക ഭാഗത്തെ മാലിന്യങ്ങള്‍ സ്ഥാപനങ്ങളില്‍ ചെന്ന് ശേഖരിക്കുന്നുവെന്നതും ദുരൂഹമാണ്. പ്രത്യേകമായി പാരിതോഷികങ്ങള്‍ ലഭിക്കുന്നതിനാലാണ് അവിടങ്ങളില്‍ മാലിന്യ നീക്കം തടസപ്പെടാത്തതിന് കാരണമെന്നും സംസാരമുണ്ട്. പകര്‍ച്ചവ്യാധികള്‍ പടരുന്നുവെന്ന ആശങ്കക്കിടയിലാണ് മഴക്കാലത്ത് മാലിന്യം റോഡില്‍ ചീഞ്ഞു നാറുന്നത്. കണ്ടിജന്റ് ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ ദിവസവേതന വ്യവസ്ഥയില്‍ ജോലിക്കാരെ നിയമിക്കാന്‍ ഒരു തടസവും ഇല്ലാതിരിക്കെ അക്കാരണം പറഞ്ഞ് തടിയൂരാന്‍ ശ്രമിക്കുന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ പക്ഷം .
Next Story

RELATED STORIES

Share it