kozhikode local

മാലിന്യം കുഴിച്ചുമൂടുന്നത് രോഗഭീഷണി ഉയര്‍ത്തുന്നു

പയ്യോളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് കുഴിച്ചുമൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് ആശ്ങ്ക. കഴിഞ്ഞ ദിവസം പയ്യോളി ബസ്‌സ്റ്റാന്റിന് സമീപത്ത് കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നഗരസഭാ ഓഫിസ് ഉപരോധിച്ചിരുന്നു. ഒടുവില്‍ നഗരസഭാ അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ ബസ്റ്റാന്റിനു പിറക് വശം കുഴിയെടുത്ത് മാലിന്യം മൂടിയിരുന്നു. കൂടാതെ ടൗണിന്റെ മറ്റുസ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യം നിറച്ച ചാക്കുകള്‍ റെയില്‍വേ സ്റ്റേഷനു സമീപം ദേശീയപാതയ്ക്കരികില്‍ കുഴിച്ചുമൂടി. ഇതേ തുടര്‍ന്ന് പരിസരവാസികള്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുകയും ചര്‍ച്ചയില്‍ മാലിന്യം കുഴിച്ചുമൂടുന്നത് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍ മഴക്കാലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കുഴിച്ചുമൂടിയിരിക്കുന്നത്. ഇത് വരുംനാളുകളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നാണ് വിലയിരുത്തല്‍. തൊട്ടടുത്ത തിക്കോടി പഞ്ചായത്തിലും സ്ഥിതി മറിച്ചല്ല. തിക്കോടി റെയില്‍വേഗേറ്റിനു സമീപം കുഴിയെടുത്താണ് ഇവിടെ മാലിന്യങ്ങള്‍ മൂടിയിരിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അശാസ്ത്രീയമായ മാലിന്യസംസ്‌കരണം മാരകരോഗങ്ങള്‍ക്ക് കാരണമാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it