thrissur local

മാലിന്യം കുമിഞ്ഞുകൂടി തൃശൂര്‍ നഗരം; മഴക്കാലപൂര്‍വ ശുചീകരണം നടന്നില്ല

തൃശൂര്‍: മഴക്കാല പൂര്‍വ്വ ശുചീകരണവും കാര്യക്ഷമമായി നടക്കാത്തതിനാല്‍ തൃശൂര്‍ നഗരം ചീഞ്ഞുനാറുന്നു. കാനകളും റോഡും മാലിന്യം കുമിഞ്ഞു കൂടിയ അവസ്ഥയാണ്. മഴക്കാലം തുടങ്ങിയതോടെ ഓടകള്‍ നിറഞ്ഞ് മാലിന്യം റോഡിലേക്ക് പരക്കുന്ന അവസ്ഥയാണ്. നഗരത്തിലെ മുഴുവന്‍ മാലിന്യവും ശക്തന്‍ സ്റ്റാന്റിന് സമീപമുള്ള ഗ്രൗണ്ടില്‍ തള്ളിയതോടെ സമീപത്തെ കച്ചവടക്കാരും നൂറുകണക്കിന് യാത്രക്കാരും ദുരിതത്തിലായി. പകര്‍ച്ചാവ്യാധി ഭീതിയിലാണ് ബസ് സ്റ്റാന്റിന് സമീപമുള്ള കച്ചവടക്കാര്‍ കഴിയുന്നത്.
മഴക്കാല പൂര്‍വ്വ ശുചീകരണം മറന്ന കോര്‍പറേഷന്‍ അധികൃതര്‍ ഇപ്പോള്‍ മാലിന്യം നീക്കം ചെയ്യാനുള്ള തിരക്കിലാണ്. കോര്‍പ്പറേഷനില്‍ ഓരോ ഡിവിഷനിലേക്കും ചെറു കാനകളുടെ ശുചീകരണത്തിനനുവദിച്ചത് 1.10 ലക്ഷം രൂപ വീതം.
കുറെവര്‍ഷങ്ങളായി ഡിവിഷനുകള്‍ക്ക് 20,000 രൂപ വീതമായിരുന്നു അനുവദിച്ചിരുന്നത്. മഴക്ക് മുമ്പേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനം കൃത്യമായി തന്നെ പൂര്‍ത്തിയാക്കാറുമുണ്ട്. ഇത്തവണ ശുചീകരണം നടത്താത്തതുമൂലം ആദ്യ മഴക്ക് തന്നെ വന്‍വെള്ളക്കെട്ടിനിടയാക്കിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.
ഈ വര്‍ഷം ഡിവിഷന്‍തല ഫണ്ട് അനുവദിക്കാതിരുന്നതില്‍ കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തി. തുടര്‍ന്നായിരുന്നു മേയര്‍ അജിത ജയരാജന്റെ ഒരു ലക്ഷം രൂപയുടെ പ്രഖ്യാപനം.
കഴിഞ്ഞവര്‍ഷം 30,000 രൂപ പ്രഖ്യാപിച്ചതാണെങ്കിലും 20,000 രൂപയേ നല്‍കിയിരുന്നുള്ളൂ. ബാക്കി 10,000 രൂപ ഉള്‍പ്പടെ ഈ വര്‍ഷം 1,10,000 രൂപ ലഭിക്കുമെന്നു മേയര്‍ വ്യക്തമാക്കി. മേയറുടെ പ്രഖ്യാപനത്തെ കൗണ്‍സിലര്‍മാര്‍ കയ്യടിച്ച് സ്വാഗതം ചെയ്തു. വലിയ കാനകളും തോടുകളും ശുചീകരിക്കാന്‍ ഒന്നരകോടി രൂപയുടെ എസ്റ്റിമേറ്റാണ് എഞ്ചിനീയറിങ്ങ് വിഭാഗം തയ്യാറാക്കിയത്.
നടപടിക്രമങ്ങള്‍ വൈകിയതിനാല്‍ മഴയ്ക്ക് മുമ്പ് പണികളൊന്നും നടന്നില്ല. 152 പദ്ധതികളില്‍ 54 എണ്ണത്തിനേ കരാര്‍ നല്‍കാനായിട്ടുള്ളൂ. അതും മഴ തുടങ്ങിയശേഷം തയ്യാറെടുപ്പ് നെരത്തെ നടത്താനിരുന്നതിലെ ഭരണ നേതൃത്വ വീഴ്ചയും കടുത്ത വിമര്‍ശനത്തിനിടയാക്കി. മഴ തുടങ്ങിയശേഷമുള്ള ശുചീകരണപ്രവര്‍ത്തനം തട്ടിപ്പാണെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു.





Next Story

RELATED STORIES

Share it