kasaragod local

മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി 1415ാം വാര്‍ഷികം നാളെ

തളങ്കര: ഇസ്‌ലാമിക ചരിത്രത്തിന്റെ താളുകളില്‍ ഇടംനേടിയ തളങ്കര ഹസ്രത്ത് മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് 1415ാം വാര്‍ഷികം നാളെ ആഘോഷിക്കും. വൈകിട്ട് ഏഴിന് കാസര്‍കോട് സംയുക്ത ഖാസി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ മജ്‌ലിസിന് നേതൃത്വം നല്‍കും. മുക്രി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിക്കും.
മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. എം എ ഖാസിം മുസ്‌ല്യാര്‍, യഹ്‌യ തളങ്കര, എ അബ്ദുര്‍ റഹ്മാന്‍, സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി ടി ഇ അബ്ദുല്ല, എന്‍ എ അബൂബക്കര്‍, തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് ബീരാന്‍ ബാഖവി, ബാങ്കോട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ ഹമീദ് ദാരിമി, തളങ്കര കണ്ടത്തില്‍ സയ്യിദലവി മസ്ജിദ് ഖത്തീബ് അഷ്‌റഫ് റഹ്മാനി ചൗക്കി, തളങ്കര പടിഞ്ഞാര്‍ ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് നൗഫല്‍ ഹുദവി സംസാരിക്കും.
അറേബ്യയില്‍ നിന്നും പായക്കപ്പല്‍ കയറി വന്നെത്തിയ സാര്‍ഥവാഹക സംഘം മാലിക്ദീനാര്‍ വലിയ ജുമാ മസ്ജിദ് ഹിജ്‌റ 22 റജബ് 13ന് തിങ്കളാഴ്ച സ്ഥാപിച്ചുവന്നാണ് രേഖകളില്‍ കാണുന്നത്. കൊടുങ്ങല്ലൂരില്‍ പായക്കപ്പലിലിറങ്ങിയ മാലിക് ദിനാറും അനുയായികളും കേരളക്കരയില്‍ 12ഓളം ജുമാമസ്ജിദുകള്‍ സ്ഥാപിച്ചുവന്നാണ് ചരിത്രം. കൊടുങ്ങല്ലൂരില്‍ മാലിക് ദീനാറും സംഘവും ഇന്ത്യയിലെ ആദ്യത്തെ പള്ളിയായ ചേരമാന്‍ മാലിക്ദീനാര്‍ മസ്ജിദ് നിര്‍മിച്ചശേഷം സംഘം ഉത്തരമലബാറിലും തെക്കന്‍ കര്‍ണാടകയിലെ ബാര്‍കൂറിലുമായാണ് പള്ളികള്‍ നിര്‍മിച്ചത്. ഇതില്‍ ആദ്യത്തേതാണ് തളങ്കരയില്‍ നിര്‍മിച്ച മാലിക്ദീനാര്‍ വലിയ ജുമാഅത്ത് പള്ളി. തുടര്‍ന്ന് ധര്‍മടം, ശ്രീകണ്ഠാപുരം, കൊയിലാണ്ടി, കൊല്ലം, ഇച്ചിലങ്കോട്, മംഗലാപുരം, ബാക്കൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റു പള്ളികള്‍ സ്ഥാപിച്ചത്.
Next Story

RELATED STORIES

Share it