malappuram local

മാലപ്പറമ്പില്‍ ലോഡ്കണക്കിന് അറവുമാലിന്യം തള്ളി

പെരിന്തല്‍മണ്ണ: മാലപ്പറമ്പ് കെഎസ്ഇബി സബ് സ്‌റ്റേഷന് സമീപം ഇരുളിന്റെ മറവില്‍ ലോഡ് കണക്കിന് അറവുമാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ രാത്രിയാണ് പ്രധാന റോഡില്‍നിന്നു മാറി കെഎസ്ഇബി സബ് സ്‌റ്റേഷന് അടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ മാലിന്യം തള്ളിയതായി കണ്ടെത്തിയത്.
പറമ്പിനു താഴ്ഭാഗത്ത് ജനവാസമേഖലയായ പൂശാലികുളമ്പാണ്. കനത്ത ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പെട്ടതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇത്രയധികം മാലിന്യം ഒരേയിടത്തില്‍ തള്ളിയതായി ശ്രദ്ധയില്‍പ്പെട്ടത്.
മഴപെയ്യുന്നതോടെ പൂശാലികുളമ്പ് നിവാസികളുടെ കുടിവെള്ള സ്രോതസ്സുകളിലേക്കാണ് ഇവ ഒഴുകിയെത്തുക എന്നത് ജനങ്ങളില്‍ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. മാലിന്യം തള്ളിയത് ശ്രദ്ധയില്‍പ്പെട്ട സ്ഥലമുടമ കൊളത്തൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കാലങ്ങളായി മാലപ്പറമ്പിനെയും പരിസരങ്ങളേയും മാലിന്യ പറമ്പാക്കുന്ന മാലിന്യമാഫിയക്കെതിരേ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തത് ഇവിടെ മാലിന്യം തള്ളാന്‍ ഇഷ്ടസ്ഥലമാക്കി മാറ്റിയിട്ടുണ്ട്. മുമ്പ് മാലപ്പറമ്പില്‍ സുരക്ഷാ കാമറകള്‍ സ്ഥാപിക്കുമെന്ന് പുലാമന്തോള്‍ പഞ്ചായത്ത് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഒന്നും ആവാത്തതും മാലിന്യമാഫിയക്ക് സൗകര്യമൊരുക്കുന്നു.

Next Story

RELATED STORIES

Share it