World

മാലദ്വീപ്: യുഎന്‍ മധ്യസ്ഥ വാഗ്ദാനം പ്രസിഡന്റ് നിരസിച്ചു

ന്യൂയോര്‍ക്ക്: മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രതിപക്ഷവുമായുള്ള ചര്‍ച്ചയ്ക്കു മധ്യസ്ഥം വഹിക്കാമെന്ന യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷിന്റെ വാഗ്ദാനം പ്രസിഡന്റ് അബ്ദുല്ലാ യമീന്‍ നിരസിച്ചു. ഗുത്തേറഷിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖാണ് ഇക്കാര്യം അറിയിച്ചത്.
യുഎന്‍ മധ്യസ്ഥം വഹിക്കാമെന്നു യമീനിന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, ഈ ഘട്ടത്തില്‍ മധ്യസ്ഥം ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും ഫര്‍ഹാന്‍ ഹഖ് അറിയിച്ചു. മാലദ്വീപിലെ സാഹചര്യങ്ങളില്‍ സെക്രട്ടറി ജനറലിന് ആശങ്കയുണ്ടെന്നും ഹഖ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി ആറിനാണ് യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നേരത്തേ യമീന്‍ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നഷീദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികളെ ചര്‍ച്ചയ്ക്കു ക്ഷണിച്ചിരുന്നു. തുടര്‍ന്ന്, ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം യുഎന്നിന് കത്തെഴുതിയിരുന്നു. എന്നാല്‍, ബുധനാഴ്ച യമീന്‍ ചര്‍ച്ച നീട്ടിവയ്ക്കുകയായിരുന്നു.
ചര്‍ച്ചയ്ക്കുള്ള ക്ഷണം അന്താരാഷ്ട്ര സമ്മര്‍ദത്തെ പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണെന്നു പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, യുഎന്‍ മധ്യസ്ഥ വാഗ്ദാനം തങ്ങള്‍ നിരസിച്ചിട്ടില്ലെന്നു മാലദ്വീപ് ഫിഷറീസ് മന്ത്രി മുഹമ്മദ് ഷൈനി അറിയിച്ചു.
മാലദ്വീപില്‍ അടിയന്തരാവസ്ഥ നീട്ടാന്‍ മതിയാ കാരണങ്ങളുണ്ടായിരുന്നില്ലെന്ന് ഇന്ത്യ ആരോപിച്ചു. എന്നാല്‍  ഇന്ത്യ കാര്യങ്ങളെ വളച്ചൊടിക്കുകയാണെന്ന്് മാലദ്വീപ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it