World

മാലദ്വീപിലെ അടിയന്തരാവസ്ഥ ഉടന്‍ പിന്‍വലിക്കണമെന്നു യുഎന്‍

യുനൈറ്റഡ് നേഷന്‍സ്: മാലദ്വീപിലെ അടിയന്തരാവസ്ഥ ഉടന്‍ പിന്‍വലിക്കണമെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ്. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച യുഎന്‍, രാജ്യത്തെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കണമെന്നും ക്രമസമാധാന നില പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ജുഡീഷ്യറിയിലെ അംഗങ്ങളടക്കമുള്ള പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു അവശ്യ നടപടികള്‍ സ്വീകരിക്കാന്‍ മാലദ്വീപ് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായും ഗുത്തേറഷ് വ്യക്തമാക്കി. യുഎന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മിറോസ്ലാവ് ജെന്‍ക മാലദ്വീപ് വിദേശകാര്യമന്ത്രി മുഹമ്മദ് അസീമുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു. രാജ്യത്തെ നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചാണ് ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കിയതെന്നു യുഎന്‍ വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു. തടവില്‍ കഴിയുന്ന സുപ്രിംകോടതി ജഡ്ജിമാരെ ഉടന്‍ വിട്ടയക്കണമെന്നും ജെന്‍ക ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ രാജ്യത്ത് 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാഷ്ട്രീയതടവുകാരെ മോചിപ്പിക്കാനുള്ള സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു പ്രഖ്യാപനം. അടിയന്തരാവസ്ഥാ പ്രഖ്യാപന ശേഷം മാലദ്വീപ് സൈന്യം സുപ്രിംകോടതി വളഞ്ഞു ചീഫ് ജസ്റ്റിസ് അടക്കം രണ്ടു ജഡ്ജിമാരെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുല്‍ ഖയ്യൂമിനെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.യുഎന്‍ രക്ഷാസമിതിയില്‍ അടുത്ത വര്‍ഷം താല്‍ക്കാലിക അംഗമാവാനുള്ള മാലദ്വീപിന്റെ ശ്രമം അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. മാലദ്വീപിനെതിരേ ലോകവ്യാപകമായി ഉയരുന്ന പ്രതിഷേധം അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ പരിണിതഫലമാണെന്നു യുഎന്‍ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, 2019-20 വര്‍ഷത്തേക്ക് രക്ഷാസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായി യുഎന്നിലെ മാലദ്വീപ് പ്രതിനിധി അലി നാസര്‍ മുഹമ്മദ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it