Pathanamthitta local

മാറിമറിയുന്ന കാലാവസ്ഥ; മൂന്നാറിലെ വിനോദസഞ്ചാര മേഖലയില്‍ മാന്ദ്യം

മൂന്നാര്‍: മാറിമറിയുന്ന കാലാവസ്ഥ മൂന്നാറിലെ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ഒഴിയാത്ത മഴയും ശൈത്യകാലത്തും വഴിമാറുന്ന തണുപ്പും വിനോദസഞ്ചാരികളെ അകറ്റുകയാണ്.സീസണ്‍ ആരംഭിച്ചിട്ടും കാര്യമായി സഞ്ചാരികള്‍ ഇതു വരെ മൂന്നാറിലെത്തിയിട്ടില്ല.
സാധാരണ നിലയില്‍ നവംബര്‍ മധ്യത്തോടെ തണുത്തു തുടങ്ങുന്ന മൂന്നാറില്‍ ഡിസംബറെത്തുന്നതോടെ മൈനസ് നാല് ഡിഗ്രിയിലെത്താറുണ്ട്. എന്നാല്‍ ഇക്കുറി ഇതുവരെയും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. തണുപ്പ് ആസ്വദിക്കാന്‍ എത്തുന്നവര്‍ നിരാശരായാണ് മടങ്ങുന്നത്.
സഞ്ചാരികളുടെ എണ്ണത്തില്‍ 10 ശതമാനമെങ്കിലും കുറവുള്ളതായി ടൂറിസം മേഖലയിലുള്ളവര്‍ പറയുന്നു. മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, രാജമല, ഫോട്ടോ പോയിന്റ്, ലോക്കാട് ഗ്യാപ്, പോതമേട് വ്യൂ പോയിന്റ് എന്നിവടങ്ങളിലൊക്കെ സന്ദര്‍ശകര്‍ കുറവാണ്. നിറഞ്ഞു കവിഞ്ഞ നിലയിലും മാട്ടുപ്പെട്ടി കുണ്ടള അണക്കെട്ടുകള്‍ കാണാന്‍ പോലും താരതമ്യേന വളരെ കുറച്ചു പേര്‍ മാത്രമാണെത്തിയത്. ചൈന്നെയിലെ പ്രളയവും വലിയ തോതില്‍ മൂന്നാറിലെ വിനോദ സഞ്ചാര മേഖലയെ ബാധിച്ചിട്ടുണ്ട്.മൂന്നാര്‍ സമരവും വലിയ തോതില്‍ ടൂറിസത്തെ ബാധിച്ചതായാണ് അനുമാനം.
മൂന്നാറിലെ സമരത്തിനു ശേഷം കാര്യമായ കച്ചവടം ഇതു വരെ ഉണ്ടായിട്ടില്ലെന്നും കച്ചവടക്കാര്‍ അഭിപ്രായപ്പെട്ടു. സാധാരണ ഗതിയില്‍ ഡിസംബര്‍ ആദ്യ വാരത്തോടെ നിറയുന്ന റിസോര്‍ട്ടുകളും ഹോട്ടലുകളുമാണ് മൂന്നാറിലുണ്ടാകാറുള്ളത്.
Next Story

RELATED STORIES

Share it