Flash News

മാറാട് വീണ്ടും കുത്തിപ്പൊക്കാന്‍ നീക്കം; വിദ്വേഷം ഇളക്കി ബിജെപി ജാഥ



ആബിദ്

കോഴിക്കോട്: ജനരക്ഷാ യാത്രയ്ക്കു വേണ്ടത്ര സ്വീകാര്യത ലഭിക്കാതായതോടെ വിദ്വേഷം പരത്തിയും മാറാട് സംഭവം വീണ്ടും കുത്തിപ്പൊക്കിയും വര്‍ഗീയ ധ്രുവീകരണത്തിനു ബിജെപി ശ്രമം. വര്‍ഷങ്ങളായി രാഷ്ട്രീയ പ്പാര്‍ട്ടികളുടെ പരിപാടികള്‍ക്ക് അനുമതി നല്‍കാത്ത മാറാട്ടേക്ക് കുമ്മനം രാജശേഖരനും സംഘവും പരിവാരങ്ങളുടെ അകമ്പടിയോടെ യാത്ര നടത്തിയതും മാറാട് കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം ടി രമേശ് വാര്‍ത്താസമ്മേളനം നടത്തിയതും ഇതിന്റെ ഭാഗമാണ്. അഞ്ച് ഇന്നോവകളും ഒരു സ്‌കോര്‍പ്പിയോയുമടക്കം ആറു വാഹനങ്ങളിലായാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മാറാട്ടെത്തിയത്. ഇതില്‍ ഒരു വാഹനത്തില്‍ നമ്പര്‍ പ്ലേറ്റിനോട് ചേര്‍ന്നു മെംബര്‍ ഓഫ് പാര്‍ലമെന്റ് എന്ന് എഴുതിയിട്ടുണ്ട്. ഇവര്‍ എത്തുന്നതിനു മുമ്പായി അഞ്ചു വാഹനങ്ങളിലായി ജനരക്ഷാ യാത്രയുടെ ബാഡ്ജുകളും ടാഗുകളുമണിഞ്ഞ സംഘവും ഇവിടെ എത്തിയിരുന്നു. അക്രമസംഭവങ്ങള്‍ക്കു ശേഷം മാറാട്ടേക്ക് രാഷ്ട്രീയ-മത സംഘടനകളുടെ യാത്രകളും പരിപാടികളും അനുവദിക്കാറില്ല. സന്ദര്‍ശനത്തിനു വിലക്കില്ലെങ്കിലും വലിയൊരു സംഘം രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും ഒന്നിച്ചു മാറാട്ടെത്താന്‍ അനുവദിച്ചത് പോലിസിന്റെ സംഘപരിവാര അനുകൂല സമീപനത്തിന്റെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള മാറാട് ആര്‍എസ്എസ് ക്രിമിനല്‍ സംഘങ്ങള്‍ ഒളിത്താവളമാക്കുന്നുണ്ടെന്ന പരാതി നേരത്തേ ഉയര്‍ന്നിരുന്നു. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യ സൂത്രധാരന്‍ മഠത്തില്‍ നാരായണന്‍ ദിവസങ്ങളോളം ഇവിടെയാണ് ഒളിവില്‍ കഴിഞ്ഞത്. വിവിധ പ്രദേശങ്ങളില്‍നിന്നു തട്ടിക്കൊണ്ടുവരുന്ന പെണ്‍കുട്ടികളെ മതംമാറ്റി ഒളിവില്‍ പാര്‍പ്പിക്കുന്നത് ഇവിടെയാണെന്ന പരാതിയും ഉണ്ടായിരുന്നു. രാത്രിയും പകലും ഇവിടെ പരസ്യമായിത്തന്നെ ആര്‍എസ്എസ് ശാഖകളും നടക്കുന്നുണ്ട്. മാറാട് ജുമാമസ്ജിദില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനത്തിനുള്ള നിയന്ത്രണം നിലനില്‍ക്കെയാണിത്. ജുമാമസ്ജിദിന്റെ ബോര്‍ഡ് പുനസ്ഥാപിക്കാന്‍ പോലും പോലിസ് അനുവദിക്കുന്നില്ലെന്ന പരാതിയും നിലവിലുണ്ട്. മാറാട് കലാപത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് പങ്കുണ്ടെന്നു പറഞ്ഞ രമേശ് അന്തരിച്ച ഇ അഹമ്മദിനെയും വെറുതെ വിട്ടില്ല. സംഘപരിവാര-പോലിസ് ബാന്ധവം മറച്ചുപിടിക്കുന്നതിനായി ലീഗ്-സിപിഎം-ജിഹാദി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന വാദവും വാര്‍ത്താസമ്മേളനത്തില്‍ മുന്നോട്ടുവച്ചു. എസ്‌ഐമാരെ വച്ചു കേസെടുത്താല്‍ ബിജെപി പേടിക്കുമെന്നാണ് കരുതുന്നതെങ്കില്‍ പിണറായി സര്‍ക്കാരിന് തെറ്റിയെന്നു പറഞ്ഞ ബിജെപി നേതാവ് തങ്ങള്‍ക്കെതിരേ കേസെടുത്താല്‍ പോലിസ് നടപടിയെടുക്കില്ലെന്നു വ്യംഗമായി സൂചിപ്പിക്കുകയും ചെയ്തു. കുമ്മനം രാജശേഖരനെതിരേ ഇതിനുമുമ്പ് കേസെടുത്തു. ഈ കേസിന്റെ സ്ഥിതി ഇപ്പോള്‍ എന്തായി എന്ന ചോദ്യം ഇതിലേക്കാണ് സൂചന നല്‍കുന്നത്. അതിനിടെ, യാത്രയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയത് ബിജെപിക്കകത്തു തന്നെ പ്രതിഷേധത്തിനിടയാക്കി. ഒറ്റക്കൈയന്‍ ജയരാജന്റെ മറ്റേ കൈയും കാണില്ലെന്നതുള്‍പ്പെടെയുള്ള പ്രകോപന മുദ്രാവാക്യങ്ങള്‍ യാത്രയുടെ ലക്ഷ്യം അട്ടിമറിച്ചതായി അവര്‍ പറയുന്നു. കേരളത്തില്‍ മാത്രം ഒതുങ്ങിനിന്ന പിണറായി വിജയനെ ദേശീയതലത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ ജനരക്ഷാ യാത്ര കാരണമായതായും ഇവര്‍ പറയുന്നു. ബിജെപിയുടെ രാഷ്ട്രീയം പറയുന്നതില്‍ യാത്ര പരാജയമാണെന്ന വിലയിരുത്തലും ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷ റോള്‍ കൃത്യമായി നിര്‍വഹിക്കുന്നതി ല്‍ പരാജയപ്പെട്ട കോണ്‍ഗ്രസ്സിനെ പോലും പരാമര്‍ശിക്കാതെ സിപിഎമ്മിനെ മാത്രം ലക്ഷ്യം വച്ചു നീങ്ങുന്ന യാത്ര സിപിഎമ്മിനെ വളര്‍ത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നാണ് കുമ്മനത്തിന്റെ എതിര്‍ചേരിയിലുള്ളവരുടെ പക്ഷം.
Next Story

RELATED STORIES

Share it