Flash News

മാറാട് അബൂബക്കര്‍ വധം: ആര്‍എസ്എസുകാര്‍ക്ക് തുണയായത് പ്രോസിക്യൂഷന്റെ ഗുരുതര വീഴ്ച

പി സി അബ്ദുല്ല

കോഴിക്കോട്: രണ്ടാം മാറാട് കലാപത്തിന് പ്രേരണയായതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയ മാറാട് തെക്കേതൊടി അബൂബക്കര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട 14 ആര്‍എസ്എസുകാരില്‍ 12 പേരെയും ഇന്നലെ ഹൈക്കോടതി വെറുതെ വിട്ടതോടെ പുറത്താവുന്നത് കേസിന്റെ തുടക്കം മുതല്‍ പോലിസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് അരങ്ങേറിയ ഗുരുതര വീഴ്ചകള്‍. ഒന്നും രണ്ടും മാറാട് കലാപകേസുകളില്‍ പോലിസ് അനുവര്‍ത്തിച്ചത് ഇരട്ടനീതിയെന്ന ആക്ഷേപങ്ങള്‍ക്ക് അടിവരയിടുന്നത് കൂടിയാണ് ഇന്നലത്തെ ഹൈക്കോടതി വിധി.
അബൂബക്കര്‍ വധക്കേസില്‍ അഞ്ചു വര്‍ഷം മുമ്പ് മാറാട് പ്രത്യേക കോടതിയില്‍ നടന്ന വിചാരണവേളയില്‍തന്നെ പോലിസിന്റെയും പ്രോസിക്യൂഷന്റെയും ആര്‍എസ്എസ് അനുകൂല നിലപാട് മറനീങ്ങിയിരുന്നു. ഒന്നാം കലാപത്തിന് നേതൃത്വം നല്‍കിയെന്നാരോപിക്കപ്പെട്ട ഒന്നാംപ്രതി മാറാട് അരയസമാജം മുന്‍ പ്രസിഡന്റും ആര്‍എസ്എസ് നേതാവുമായ തെക്കേതൊടി ശ്രീധരന്‍, രണ്ടാം പ്രതി അരയസമാജം മുന്‍ സെക്രട്ടറിയും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ടി സുരേഷ് എന്നിവര്‍ക്കെതിരേ കൊലക്കുറ്റം തെളിയിക്കുന്നതില്‍ വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഇവര്‍ക്കെതിരേ 326 പ്രകാരമുള്ള വകുപ്പ് മാത്രമാണ് തെളിയിക്കപ്പെട്ടത്. സുരേഷിനെതിരേ കൊലക്കുറ്റം, ഗൂഢാലോചന, മതസ്പര്‍ദ്ദയുണ്ടാക്കുന്ന രീതിയില്‍ സംഘടിക്കല്‍ തുടങ്ങിയ കുറ്റങ്ങളൊക്കെ ആരോപിക്കപ്പെട്ടിരുന്നു. തെളിവുകളൊന്നും വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ല.
ആയുധങ്ങളുമായി സുരേഷിനെ കണ്ടു എന്ന തരത്തില്‍ ദുര്‍ബലമായിരുന്നു പോലിസിന്റെ കുറ്റപത്രം. ഒരു സാക്ഷിമൊഴിയുടെ മാത്രം പിന്‍ബലത്തിലാണ് എരഞ്ഞിപ്പാലം കോടതി 326ാം വകുപ്പനുസരിച്ച് സുരേഷിനെ അഞ്ചു വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. 2002 ജനുവരി നാലിന് രാവിലെ 8.15ഓടെയാണ് തെക്കേതൊടി അബൂബക്കര്‍ കൊല്ലപ്പെട്ടത്. തലേന്ന് രാത്രി ആര്‍എസ്എസു കാര്‍ കൊലപ്പെടുത്തിയ തെക്കേതൊടി യൂനൂസ്, കുഞ്ഞിക്കോയ എന്നിവര്‍ക്ക് ഖബറൊരുക്കാന്‍ പോവുന്നതിനിടെ പോലിസിന്റെ കണ്‍മുന്നില്‍ അബൂബക്കറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
2002 ജനുവരി മൂന്നിന് തെക്കേതൊടി യൂനുസ് കൊല്ലപ്പെട്ട കേസിലും അരയസമാജം സെക്രട്ടറിയായിരുന്ന ടി സുരേഷായിരുന്നു മുഖ്യപ്രതി. ഒന്നാം കലാപവുമായി ബന്ധപ്പെട്ട് മാറാട് പ്രത്യേക കോടതിയില്‍ ആദ്യം വിധി പറഞ്ഞ യൂനുസ് വധക്കേസില്‍ ടി സുരേഷ് ഉള്‍പ്പെടെ എല്ലാവരെയും വെറുതെ വിടുകയാണുണ്ടായത്. കുറ്റങ്ങളില്‍ ഒന്നുപോലും തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല.
അബൂബക്കര്‍ വധക്കേസില്‍ ഒന്നാം പ്രതിയായ അരയസമാജം പ്രസിഡന്റ് തെക്കേതൊടി ശ്രീധരന്റെ കാര്യത്തിലും പ്രകടമായ ഇരട്ടനീതിയാണ് അരങ്ങേറിയത്. ശ്രീധരനെതിരേ ഐപിസി 326 വകുപ്പ് തെളിയിക്കപ്പെട്ടതിനാല്‍ വിചാരണക്കോടതി അഞ്ചു വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. എന്നാല്‍, ഹൃദ്രോഗിയെന്ന പരിഗണനയില്‍ ഇയാള്‍ക്ക് കോടതി രണ്ടുവര്‍ഷം ശിക്ഷയിളവ് അനുവദിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ മൗനം പാലിച്ചു.അതേസമയം, രണ്ടാം മാറാട് കേസില്‍ 35ാം പ്രതിയും കടുത്ത ഹൃദ്രോഗിയുമായ താജുദ്ദീന്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടപ്പോള്‍ രോഗം പരഗിണിച്ച് ശിക്ഷയിളവ് നല്‍കണമെന്ന പ്രതിഭാഗത്തിന്റെ അഭ്യര്‍ഥന കടുത്ത ഭാഷയില്‍ എതിര്‍ക്കുകയാണ് പ്രോസിക്യൂഷന്‍ ചെയ്തത്.
Next Story

RELATED STORIES

Share it