malappuram local

മാറാക്കരയില്‍ വൈസ് പ്രസിഡന്റിനെതിരേ യുഡിഎഫ് അവിശ്വാസപ്രമേയം പാസായി



പുത്തനത്താണി: മാറാക്കര ഗ്രാമപ്പഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനെതിരേ യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. വൈസ് പ്രസിഡന്റായിരുന്ന വി പി സമീറയ്‌ക്കെതിരേയാണ് ഇന്നലെ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. യുഡിഎഫിലെ ഒരംഗമൊഴിച്ച് എല്ലാ അംഗങ്ങളും അവിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റടക്കമുള്ള ആറ് ഇടത് അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. ഇതോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 13 അംഗങ്ങളുടെ പിന്തുണയോടെ പാസാവുകയായിരുന്നു. നേരത്തെ ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സിപിഎം കോണ്‍ഗ്രസും ചേര്‍ന്ന് രൂപീകരിച്ചിരുന്ന ജനകീയ വികസന മുന്നണിയില്‍നിന്ന് കോണ്‍ഗ്രസ് വിട്ടുപോരുകയും ലീഗുമായി ചേര്‍ന്ന് യുഡിഎഫ് സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്തതോടെയാണ് പഞ്ചായത്തില്‍ ജനകീയ വികസന മുന്നണി തകര്‍ന്നത്. യുഡിഎഫ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ ഭാഗമായി നിലവിലെ പ്രസിഡന്റായിരുന്ന വി മധുസൂദനന്‍ രാജിവയ്ക്കുകയും പകരം മുസ്്‌ലിംലീഗിലെ എ പി മൊയ്തീന്‍കുട്ടി മാസ്റ്ററെ പുതിയ പ്രസിഡന്റാക്കി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ജനകീയ വികസന മുന്നണിയുടെ പിന്‍ബലത്തില്‍ ലഭിച്ച വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാത്തതിനെ തുടര്‍ന്നാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
Next Story

RELATED STORIES

Share it