malappuram local

മാറാക്കരയില്‍ വീണ്ടും യുഡിഎഫ്: എ പി മൊയ്തീന്‍ കുട്ടിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു



പുത്തനത്താണി: മാറാക്കര ഗ്രാമപ്പഞ്ചായത്തില്‍ വികസന മുന്നണി തകര്‍ന്നതോടെ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തി. ഇന്നലെ രാവിലെ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ എ പി മൊയ്തീന്‍ കുട്ടിയെ പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ടു. ഇരുപത് അംഗങ്ങളുള്ള പഞ്ചായത്തില്‍ എപി മൊയ്തീന്‍ കുട്ടിക്ക്  14 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ സി എച്ച് ജലീലിന്  ആറ് വോട്ടുകളാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നാലാം വാര്‍ഡ് മെമ്പറായ എ പി മൊയ്തീന്‍ കുട്ടി മാസ്റ്ററെ കോണ്‍ഗ്രസ്സ് അംഗമായ വി മധുസൂദനന്‍ നാമനിര്‍ദ്ദേശം ചെയ്യുകയും  സലീം മണ്ടായപ്പുറം പിന്താങ്ങുകയും ചെയ്യുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പോടനുബന്ധിച്ചാണ് പഞ്ചായത്തില്‍ യുഡിഎഫ് ബന്ധം തകര്‍ന്നത്.  മുസ്‌ലീം ലീഗ്  ഒറ്റക്ക് മല്‍സരിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് സിപിഎമ്മുമായി ചേര്‍ന്ന് വികസന മുന്നണി ഉണ്ടാക്കി ഭരണം പിടിക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്സിലെ വി മധുസൂദനന്‍ പ്രസിഡന്റാവുകയും ഒരു വര്‍ഷത്തിലധികം വികസന മുന്നണി ഭരണം നടത്തുകയും ചെയ്തു. ഒന്നര മാസം മുമ്പ് മലപ്പുറം ഡിസിസി ഓഫിസില്‍ നടന്ന യുഡിഎഫിന്റെ നേതൃ യോഗത്തിലാണ് പഞ്ചായത്തിലെ യുഡിഎഫിനുള്ളിലെ പിണക്കങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോവാന്‍ തീരുമാനമായത്.ഇതോടെയുഡിഎഫ് ജില്ലാ നേതൃത്വം ഇടപെടുകയും  പ്രസിഡന്റായിരുന്ന വി മധുസൂദനന്‍ രാജിവെക്കുകയും ചെയ്തതോടെ വികസന മുന്നണി തകരുകയായിരുന്നു.മധുസൂദനന്‍ രാജി വെച്ച ഈ ഒഴിവിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ടി പി വാസു  വരണാധികാരിയായിരുന്നു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ അനിത ജെ സ്റ്റീഫന്‍,രാജീവ് എന്നിവര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി,വി മധുസൂദനന്‍ ,മാട്ടില്‍ മാനു ഹാജി, യുഡിഎഫ് ചെയര്‍മാന്‍ കെ പി സുരേന്ദ്രന്‍, കണ്‍വീനര്‍ ഒ കെ സുബൈര്‍, എം ഹംസ, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി ഇഫ്തിഖാറുദ്ദീന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഖദീജ പാറൊളി, മെംബര്‍മാരായ സലീം മണ്ടായപ്പുറം, വഹീദ ബാനു, വി പി ഹുസൈന്‍, കല്ലന്‍ ആമിന, കെ പി നാരായണന്‍, പി ജാബിര്‍, പി പി ബഷീര്‍, കാടാമ്പുഴ മോഹനന്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it