മാര്‍പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനം പൂര്‍ത്തിയായി

ധക്ക: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മ്യാന്‍മര്‍-ബംഗ്ലാദേശ് സന്ദര്‍ശനം പൂര്‍ത്തിയായി. പര്യടനത്തിന്റെ അവസാന ദിവസമായ ഇന്നലെ ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ധക്കയില്‍ മദര്‍ തെരേസയുടെ അനുയായികള്‍ നടത്തുന്ന ആശുപത്രിയും പോപ് ഇന്നലെ സന്ദര്‍ശിച്ചു.
തെക്കന്‍ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ നിന്നുള്ള റോഹിന്‍ഗ്യന്‍ സംഘവുമായി ധക്കയിലാണ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയത്. മ്യാന്‍മര്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കുടുംബത്തെ നഷ്ടപ്പെട്ടതായി സംഘത്തിലുള്ള 12 വയസ്സുകാരി പറഞ്ഞു. നിങ്ങള്‍ അനുഭവിക്കുന്ന ദുരന്തങ്ങള്‍ അതീവ കഠിനമാണെന്നു റോഹിന്‍ഗ്യന്‍ സംഘത്തോട് മാര്‍പാപ്പ പറഞ്ഞു. നിങ്ങള്‍ക്കെല്ലാം ഞങ്ങളുടെ ഹൃദയത്തില്‍ ഇടമുണ്ടാവും. നിങ്ങളെ പീഡിപ്പിച്ചവരുടെയും ഉപദ്രവിച്ചവരുടെയും പേരില്‍ അനാസ്ഥ തുടരുന്ന ലോകത്തിനുമുന്നില്‍ നിന്നു മാപ്പ് നല്‍കാന്‍ അപേക്ഷിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു.
അതിര്‍ത്തിയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകള്‍ മാര്‍പാപ്പ സന്ദര്‍ശിച്ചില്ല. അഭയാര്‍ഥി ക്യാംപുകളിലെ വലിയൊരു വിഭാഗം റോഹിന്‍ഗ്യര്‍ മാര്‍പാപ്പയുടെ സന്ദര്‍ശനവിവരം അറിഞ്ഞിട്ടില്ലെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. അതേസമയം, റോഹിന്‍ഗ്യരെ മാര്‍പാപ്പ നേരിട്ട് പരാമര്‍ശിച്ചത് നല്ല മാറ്റമാണെന്ന് അഭയാര്‍ഥികളില്‍ ചിലര്‍ പറഞ്ഞു. വെള്ളിയാഴ്ച ധക്കയില്‍ നടത്തിയ പ്രഭാഷണത്തിലായിരുന്നു ഏഷ്യാ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പ ആദ്യമായി റോഹിന്‍ഗ്യരെ പരാമര്‍ശിച്ചത്. മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടെ റോഹിന്‍ഗ്യരെക്കുറിച്ച് പറയാതിരുന്ന മാര്‍പാപ്പയുടെ നിലപാടിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it