Flash News

മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍: മരിക്കാത്ത ഓര്‍മകളുടെ 50 വര്‍ഷം

ന്യൂയോര്‍ക്ക്: വര്‍ണവിവേചനത്തിനെതിരേ പോരാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ ഓര്‍മകള്‍ക്ക് അര നൂറ്റാണ്ട്.  1968 ഏപ്രില്‍ 4നാണ് യുഎസിലെ മെംഫിസ് നഗരത്തില്‍ വെള്ളക്കാരനായ കൊലയാളിയുടെ ബുള്ളറ്റിനാല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് വധിക്കപ്പെടുന്നത്.  ശുചീകരണത്തൊഴിലാളികളുടെ പ്രക്ഷോഭങ്ങളുടെ ഭാഗമായി നഗരത്തിലെത്തിയതായിരുന്നു അദ്ദേഹം. നഗരത്തിലെ ലോറെയ്ന്‍ മോട്ടലില്‍ നില്‍ക്കെ ജയിംസ് ഏള്‍ എന്ന വെള്ളക്കാരന്റെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്
ഏപ്രില്‍ 4ന് വൈകീട്ട് 6.1നാണ് താന്‍ ആ വെടിയൊച്ച കേട്ടതെന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് വധത്തിനു സാക്ഷിയായ മേരി എല്ലന്‍ ഫോര്‍ഡ് 50 വര്‍ഷത്തിനിപ്പുറം നിന്ന് ഓര്‍ത്തെടുത്തു. പോലിസ് രേഖകളില്‍ 43ാം സാക്ഷി എന്നാണ് ഫോര്‍ഡിനെ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യമായാണ് കൊലപാതക ദിവസത്തെ സംഭവങ്ങളെക്കുറിച്ച് അവര്‍ പുറംലോകത്തോട് പറയുന്നത്. ഫോര്‍ഡ് കൊലപാതകത്തിന്റെ സാക്ഷികളിലൊരാളായിരുന്നു എന്ന കാര്യം അവരുടെ സഹോദരന്‍ അറിയുന്നത് അഞ്ചു വര്‍ഷം മുമ്പ് മാത്രമായിരുന്നുവെന്നു യുഎസിലെ എന്‍ബിസി ടെലിവിഷന്‍ റിപോര്‍ട്ട് പുറത്തുവിട്ട അഭിമുഖത്തില്‍ പറയുന്നു.
ലോറെയ്ന്‍ മോട്ടലിലെ ജീവനക്കാരിയായിരുന്നു ഫോര്‍ഡ്. കൊലപാതകത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഇപ്പോഴും തന്നെ നടുക്കുന്നതായി അവര്‍ പറഞ്ഞു. മോട്ടലിലെ രണ്ടാം നിലയില്‍ 306ാം നമ്പര്‍ മുറിയിലായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിങ് താമസിച്ചത്. അദ്ദേഹത്തിന്റെയും മറ്റു പൗരാവകാശ പ്രവര്‍ത്തകരുടെയും സ്ഥിരം താവളമായിരുന്നു മോട്ടല്‍. താന്‍ അടുക്കളയിലിരിക്കവേ വെടിയൊച്ചയുടെ ശബ്ദം കേട്ടപ്പോള്‍ ആദ്യം എന്തെന്ന് മനസ്സിലായില്ല. തങ്ങളെല്ലാം പുറത്തേക്കോടി. തുടര്‍ന്നു നടന്നതെന്താണെന്നു നിങ്ങള്‍ക്കെല്ലാം അറിയാം- കണ്ണീര്‍ തുടച്ചുകൊണ്ട് ഫോര്‍ഡ് പറഞ്ഞു.
റവറന്റ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് സീനിയര്‍, അല്‍ബെര്‍ട്ട വില്യംസ് കിങ് എന്നിവരുടെ പുത്രനായി 1929 ജനുവരി 15നു അറ്റ്‌ലാന്റയിലാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ജനിച്ചത്. വൈദികനായി സേവനമനുഷ്ഠിച്ച അദ്ദേഹം 1955ലെ മോണ്ട്‌ഗോമറി ബസ് സമരത്തിന്റെ പശ്ചാത്തലത്തിലാണ് അവകാശപോരാട്ടങ്ങളില്‍ പങ്കുചേരാന്‍ ആരംഭിച്ചത്. വെള്ളക്കാര്‍ കയറിയാല്‍ കറുത്ത വര്‍ഗക്കാര്‍ ബസ്സില്‍ നിന്ന് എഴുന്നേല്‍ക്കണമെന്ന യുഎസിലെ അലിഖിത നിയമത്തിനെതിരായിരുന്നു സമരം.
1963ലെ വാഷിങ്ടണ്‍ മാര്‍ച്ചിലാണ് എനിക്കൊരു സ്വപ്‌നമുണ്ടെന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം. വെള്ളക്കാരുടെ വര്‍ണവെറിക്കെതിരേ 1963 ആഗ്‌സ്ത് 28ന് നടത്തിയ മാര്‍ച്ചില്‍ മൂന്നുലക്ഷത്തോളം പേരായിരുന്നു അന്ന് പങ്കെടുത്തത്.
Next Story

RELATED STORIES

Share it