wayanad local

മാര്‍ച്ച് മാസം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; പദ്ധതി നിര്‍വഹണം 50 ശതമാനത്തില്‍ താഴെ

കല്‍പ്പറ്റ: മാര്‍ച്ച് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജില്ലയില്‍ തദ്ദേശസ്ഥാപനങ്ങള്‍ ചെലവഴിച്ചത് 50 ശതമാനത്തില്‍ താഴെ. പദ്ധതി നിര്‍വഹണോദ്യോഗസ്ഥരുടെ കുറവും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമാണ് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണത്തെ ബാധിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പല പഞ്ചായത്തുകളിലും സെക്രട്ടറിമാര്‍ പോലുമില്ല.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ നിരവധി പദ്ധതികള്‍ ടെന്‍ഡര്‍ വിളിക്കാനാവാതെ ഉപേക്ഷിക്കേണ്ടിവന്നിട്ടുമുണ്ട്. ഇനി ഈ പ്രവൃത്തി അടുത്ത വര്‍ഷം മാത്രമേ നടപ്പാക്കാന്‍ പറ്റുകയുള്ളൂ. പ്രവൃത്തി ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ ഫണ്ട് ചെലവഴിക്കുന്നതിലും ഇത്തവണ വലിയ കുറവുവരും. ഈ പദ്ധതികള്‍ സ്പില്‍ ഓവര്‍ പ്രവൃത്തിയാക്കി മാറ്റാനേ ഇനി കഴിയൂ. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വരുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്കും പദ്ധതി പ്രവൃത്തികളില്‍ വേണ്ടത്ര ഇടപെടാന്‍ കഴിഞ്ഞില്ല. പല ഉദ്യോഗസ്ഥരും ബിഎല്‍ഒമാരായി പ്രവര്‍ത്തിക്കേണ്ടിവന്നതു പ്രവൃത്തികളെ ബാധിച്ചു.
നാലു പഞ്ചായത്തുകളാണ് 60 ശതമാനത്തിലധികം ഫണ്ട് ചെലവഴിച്ചത്. മീനങ്ങാടി, വൈത്തിരി, കണിയാമ്പറ്റ, മുപ്പൈനാട് എന്നിവയാണത്. തൊണ്ടര്‍നാട്, പുല്‍പ്പള്ളി പഞ്ചായത്തുകള്‍ അമ്പതില്‍ കൂടുതല്‍ ചെലവഴിച്ചു. മീനങ്ങാടി, വൈത്തിരി, കണിയാമ്പറ്റ, മൂപ്പൈനാട് പഞ്ചായത്തുകള്‍ ട്രൈബല്‍ ഫണ്ട് 60 ശതമാനത്തിലധികം ചെലവഴിച്ചിട്ടുണ്ട്.
പഞ്ചായത്ത്, ശതമാനം എന്ന കണക്കില്‍: വെള്ളമുണ്ട (45), തിരുനെല്ലി (48), എടവക (39), തവിഞ്ഞാല്‍ (41), പനമരം (32), നെന്മേനി (32), അമ്പലവയല്‍ (37), പൂതാടി (40), നൂല്‍പ്പുഴ (40), മുള്ളന്‍കൊല്ലി (45), കോട്ടത്തറ (46), വെങ്ങപ്പള്ളി (40), മുട്ടില്‍ (44), പൊഴുതന (40), തരിയോട് (39), പടിഞ്ഞാറത്തറ (43), മേപ്പാടി (43).
Next Story

RELATED STORIES

Share it