kozhikode local

മാര്‍ച്ചിനിടെ സംഘര്‍ഷം: ആറു വിദ്യാര്‍ഥികള്‍ക്കും പോലിസുകാരനും പരിക്ക്; ആറുപേര്‍ അറസ്റ്റില്‍

വടകര: മടപ്പള്ളി കോളജിലേക്ക് നടന്ന ബഹുജന മാര്‍ച്ചിന് ശേഷം നാദാപുരം റോഡ്, കൈനാട്ടി എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്കും, ഒരു പോലിസുകാരനും പരിക്കേറ്റു. മാര്‍ച്ച് കഴിഞ്ഞ് പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ നാദാപുരം റോഡിലെ സിപിഎം ഓഫിസിന് സമീപത്തെ പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ബോര്‍ഡുകള്‍ തകര്‍ക്കുന്നത് കണ്ട സിപിഎം പ്രവര്‍ത്തകര്‍ തടയാനെത്തിയപ്പോള്‍ പോലിസ് ലാത്തി വീശി ഇവരെ വിരട്ടിയോടിച്ചു. ഇതിനിടെയാണ് മാര്‍ച്ചില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്നുണ്ടായ കല്ലേറില്‍ എംഎസ്പിയിലെ രജ്ഞിത്തിന് പരിക്കേറ്റു. പരിക്കേറ്റവര്‍ ചികില്‍സ തേടി.
സംഭവത്തില്‍ പരിക്കേറ്റവരെ പോലിസിനെ കല്ലെറിഞ്ഞതിനും, കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അറസ്റ്റ് ചെയ്തു. ചോറോട് പനങ്ങോട്ട് മുനീര്‍(26), കാര്‍ത്തികപ്പള്ളിയിലെ പുതിയേക്കല്‍ ഫിര്‍ദ്ദൗസ്(37), മണിയൂര്‍ എടക്കണ്ടി കുന്നിലെ ജറീഷ്(24), മേമുണ്ട കുനിയില്‍ മിന്‍ഹത്തുള്ള(19), വില്യാപ്പള്ളി പനോളിയില്‍ ദില്‍രാജ്(19) എന്നിവരെയും, കീഴല്‍ ബേങ്ക് റോഡ് സ്വദേശിയായ 17കാരനെയുമാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ 17കാരനെ കോഴിക്കോട് ജുവൈനല്‍ കോടതിയിലും, മറ്റുള്ളവരെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പിലും ഹാജരാക്കി. മാര്‍ച്ച് കഴിഞ്ഞ് പിരിഞ്ഞ് പോയവരെ യാതൊരു പ്രകോപനവുമില്ലാതെ സിപിഎമ്മും, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു.
പടം : മടപ്പള്ളി കോളജില്‍ മാര്‍ച്ച് കഴിഞ്ഞതിന് നാദാപുരം റോഡിലുണ്ടായ അക്രമത്തില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ ലാത്തി ചാര്‍ജ്.

Next Story

RELATED STORIES

Share it