Idukki local

മാര്‍ക്കറ്റ് റോഡിലെ കെട്ടിടത്തില്‍ തീപ്പിടിത്തം; മേല്‍ക്കൂര കത്തി

തൊടുപുഴ: തൊടുപുഴ മാര്‍ക്കറ്റ് റോഡിലെ കടകള്‍ പ്രവര്‍ത്തിച്ചുവന്ന കെട്ടിടത്തിന് തീപ്പിടിച്ച് മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തയ്യല്‍ക്കടയിലും പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിലുമായി ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായി. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണു സംഭവം.
തൊടുപുഴ കൊമ്പനാപ്പറമ്പില്‍ റസിലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീപ്പിടിച്ചത്. ഈ സമയം ഇവിടെയുണ്ടായിരുന്ന തട്ടുകടക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളുമാണ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തീ ആളുന്നത്  കണ്ടത്. ഉടന്‍ തന്നെ പോലിസ് കണ്‍ട്രോള്‍ റൂമിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. നിമിഷങ്ങള്‍ക്കകം അഗ്‌നിശമനസേനയെത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗാന്ധിസ്‌ക്വയറില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലിസുകാരും ഗതാഗതം നിയന്ത്രിച്ചു.
ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് തീ അണയ്ക്കാനായത്. അപ്പോഴേക്കും കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു ഫാഷന്‍ ലേഡി ചുരിദാര്‍സ് എന്ന സ്ഥാപനത്തിനകത്തേക്ക് തീ പടര്‍ന്നിരുന്നു. ഒരു ലക്ഷം രൂപയും നഷ്ടം തുണിക്കടയില്‍ മാത്രം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. താഴെ പ്രവര്‍ത്തിച്ചിരുന്ന പലചരക്ക് മൊത്ത വ്യാപാരമായ കേരള സ്‌റ്റോഴ്‌സിലും നഷ്ടങ്ങളുണ്ട്. തീ അണക്കാനായി ശ്രമിക്കുന്നതിനിടെ വെള്ളം വീണ് പലചരക്ക് സാധനങ്ങള്‍ നശിച്ചു. കെട്ടിടത്തിനാകെ അഞ്ച് ലക്ഷം രൂപയിലധികം നഷ്ടം കണക്കാക്കുന്നു. അടുത്തുള്ള പുളിമൂട്ടില്‍ മെഡിക്കല്‍സിന്റെ എസി കത്തിനശിച്ചു.
Next Story

RELATED STORIES

Share it