thrissur local

മാരേക്കാട് നെടുംകുന്ന് റോഡ് നിര്‍മാണം പാതിവഴിയില്‍ നിലച്ചു

മാള: ഗ്രാമപഞ്ചായത്തിലെ 19, 20 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന മാരേക്കാട്-നെടുംകുന്ന് റോഡ്  നിര്‍മാണം പാതിവഴിയില്‍ നിലച്ചു. നാട്ടുകാര്‍  പ്രതിഷേധത്തില്‍. ഒന്നര പതിറ്റാണ്ടിലേറെയായി തകര്‍ന്ന് കുണ്ടും കുഴിയുമായി കിടന്നിരുന്ന മാരേക്കാട്-നെടുംകുന്ന് റോഡ്  പുനര്‍നിര്‍മ്മാണത്തിനായി കഴിഞ്ഞ  സര്‍ക്കാരിന്റെ അവസാന കാലത്താണ് ഫണ്ട്  അനുവദിച്ചത്.
ടി എന്‍ പ്രതാപന്‍ എംഎല്‍എയുടെ ശ്രമഫലമായിട്ടാണ് പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചത്. വൈകാതെ  സര്‍ക്കാര്‍ മാറിയതോടെ റോഡ് നിര്‍മാണം  അനിശ്ചിതമായി നീളുകയാണുണ്ടായത്. ഫണ്ട്  അനുവദിച്ചതിന് ശേഷം മൂന്ന് വര്‍ഷം  കഴിഞ്ഞിട്ടും നിര്‍മാണം തുടങ്ങാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും എംഎല്‍എക്കും റോഡ് നിര്‍മാണം ഉടന്‍  നടത്തണമെന്നാവശ്യപ്പെട്ട് നിവേദനം  നല്‍കുകയും ചെയ്തിരുന്നു. രണ്ട് മാസം മുന്‍പാണ് റോഡ് നിര്‍മാണം ആരംഭിച്ചത്. റോഡില്‍ മെറ്റലിംഗ് നടത്തി മണ്ണിട്ട് ഒതുക്കിയിട്ടുണ്ട്.
വീണ്ടും മെറ്റലിംഗും ടാറിംഗും നടത്താത്തതിനാല്‍ രൂക്ഷമായ പൊടിശല്യമാണ് അനുഭവപ്പെടുന്നത്. മഴക്കാലത്തിന് മുന്‍പ് ടാറിംഗ് നടത്താതിരുന്നാല്‍ മഴവെള്ളത്തോടൊപ്പം റോഡില്‍ നിന്ന് മണ്ണ് കുത്തിയൊഴുകി പോയി റോഡ് വീണ്ടും  ശോച്യാവസ്ഥയിലാകും. അതോടെ റോഡിലൂടെ  യാത്ര വീണ്ടും  ദുഷ്‌കരമായിതീരും. അതിനാല്‍ ഉടന്‍ റോഡ് ടാറിംഗ് നടത്തി പ്രദേശ വാസികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it