kannur local

മാരകവിഷമടങ്ങിയ കാസിയയുടെ ഇറക്കുമതി വ്യാപകം

കണ്ണൂര്‍: കറുവപ്പട്ടയ്ക്കു പകരം ഉപയോഗിക്കുന്ന കാസിയ എന്ന ഉല്‍പന്നം കേരളത്തിലേക്ക് വ്യാപകമായി ഇറക്കുമതി ചെയ്യുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്. പരിശോധനാ ലാബുകളുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ വില്‍ക്കുന്ന കാസിയ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ല. കൊച്ചി തുറമുഖത്ത് ഉള്‍പ്പെടെ കാസിയ യാതൊരു സര്‍ട്ടിഫിക്കറ്റുമില്ലാതെ ഇറക്കുമതി ചെയ്യുകയാണ്.

വിവരാവകാശ നിയമപ്രകാരം കഴിഞ്ഞ ഒക്‌ടോബര്‍ ആറിനു ലഭിച്ച മറുപടിയിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ തനിക്കു ലഭിച്ചതെന്ന് കറുവപ്പട്ട കര്‍ഷകനും കാസിയക്കെതിരേ നിയമപോരാട്ടം തുടരുന്ന പയ്യാമ്പലം സ്വദേശിയുമായ ലിയോനാര്‍ഡ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചി തുറമുഖത്ത് 2014-15 വര്‍ഷത്തില്‍ 38 ഇടപാടുകള്‍ നടന്നു. വിശാഖപട്ടണം തുറമുഖത്ത് 55,000 കിലോ കാസിയയും ഇറക്കുമതി ചെയ്തു. തൂത്തുക്കുടി തുറമുഖത്തും ഇതേപോലെ ഇറക്കുമതി ഉണ്ടായി. എന്നാല്‍ ഒരു തുറമുഖം അധികൃതരും കാസിയ ഇറക്കുമതി ചെയ്ത അളവ്, ഇറക്കുമതി ചെയ്തയാളുടെ പേര്, ലൈസന്‍സ് നമ്പര്‍ ഒന്നും നല്‍കുന്നില്ല. കറുവപ്പട്ടയോട് സാമ്യമുള്ളതാണ് കാസിയ. കരളിനെയും വൃക്കയെയും ബാധിക്കുന്ന വിഷാംശം കാസിയയിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പല രാജ്യങ്ങളും ഇതിന്റെ ഉപയോഗം തടഞ്ഞിട്ടുണ്ട്.

അമേരിക്കയില്‍ എലിവിഷമായാണ് കാസിയ ഉപയോഗിക്കുന്നത്. കാസിയയില്‍ അടങ്ങിയിട്ടുള്ള കൊമറിന്‍ ആന്തരികാവയവങ്ങളെ ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാസിയ ഇറക്കുമതി ചെയ്യുന്നതിനാല്‍ കറുവപ്പട്ട കൃഷി ചെയ്യുന്ന പല എസ്‌റ്റേറ്റുകളും പൂട്ടിയിട്ടിരിക്കുകയാണ്. കാസിയ ആയുര്‍വേദത്തിലും മസാല സ്‌പൈസിലും കറുവാപ്പട്ടക്ക് പകരം ഉപയോഗിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്ന് പ്രതിവര്‍ഷം നൂറുകണക്കിനു ടണ്‍ കാസിയയാണ് ഇന്ത്യയിലെത്തെുന്നത്. കേരളത്തില്‍ ഇത് പരിശോധിക്കാന്‍ സംവിധാനമില്ല. കാസിയ ഇറക്കുമതി നിര്‍ത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ലിയോനാര്‍ഡ് ജോണ്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it