മായം ചേര്‍ത്ത് വില്‍പന; 1500ഓളം കിലോ തേയില പിടിച്ചെടുത്തു

തിരുവനന്തപുരം: അമൃതം പ്രീമിയം ടീ എന്ന പേരില്‍ കൃത്രിമ നിറങ്ങള്‍, കൃത്രിമ രുചിവര്‍ധക വസ്തുക്കള്‍ എന്നിവ ചേര്‍ത്ത തേയില കേരളത്തിലെ ഹോട്ടലുകളിലും ചായക്കടകളിലും തട്ടുകടകളിലും വ്യാപകമായി വിതരണം ചെയ്തുവരുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ വിതരണക്കാരായി പ്രവര്‍ത്തിക്കു—ന്നവരുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് ഗോഡൗണുകള്‍ പരിശോധിച്ച് ഏകദേശം 1500ഓളം കിലോ തേയില പിടിച്ചെടുത്തു.

തേയില വിറ്റിരുന്ന സംഘത്തിലെ ഒരാളെ വിജിലന്‍സും ഭക്ഷ്യാസുരക്ഷാവകുപ്പും ചേര്‍ന്നു പിടികൂടി. പാലക്കാട് സ്വദേശി പ്രവീണാണ് അറസ്റ്റിലായത്. ഇതിലെ പ്രധാന കണ്ണിയായ പാലക്കാട് സ്വദേശി ജോസ് ഒളിവിലാണ്. പ്രമുഖ സ്ഥാപനങ്ങളുടെയും സ്‌കൂളുകളുടെയും കാന്റീനുകള്‍ അടക്കം ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലേബലില്‍ കണ്ട കമ്പനിയുടെ വിലാസവും മറ്റു വിവരങ്ങളും വ്യാജമാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത് ഉപയോഗിച്ചുവരുന്നതായാണ് പിടിയിലായവര്‍ നല്‍കുന്ന സൂചന. ഉപയോഗിച്ചുകഴിഞ്ഞ തേയിലച്ചണ്ടിയില്‍ കൃത്രിമ പദാര്‍ഥങ്ങള്‍ ചേര്‍ത്താണ് ഈ തേയില തയ്യാറാക്കി പാക്ക് ചെയ്യുന്നത്.
തിരുവനന്തപുരം അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍മാരായ ഭൂസുധ, എ സതീഷ്‌കുമാര്‍, ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരായ അജയകുമാര്‍, ഗൗരീഷ്, ഇന്ദു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് ഇതു കണ്ടെത്തിയത്. പിടിച്ചെടുത്ത തേയില രാസപരിശോധനയ്ക്കുവേണ്ടി ഗവണ്‍മെന്റ് അനലിസ്റ്റ് ലാബിലേക്ക് അയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it