മായം ചേര്‍ക്കല്‍ നിയമം: സംസ്ഥാനത്തെ പഴയ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശം

കൊച്ചി: ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ നിരോധിക്കുന്ന പഴയ നിയമപ്രകാരം വര്‍ഷങ്ങളായി സംസ്ഥാനത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
1954ലെ മായം ചേര്‍ക്കല്‍ നിരോധന നിയമത്തിനു പകരം പുതിയ നിയമം നിലവില്‍ വന്നിട്ടും പഴയ കേസുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കും ചെറുകിട ഭക്ഷ്യവ്യവസായികള്‍ക്കും തലവേദന സൃഷ്ടിക്കുന്നതു തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ ഇടപെടല്‍. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമം കാലോചിതമായി പുതുക്കിക്കൊണ്ടുള്ള കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2011 ആഗസ്ത് മാസം നിലവില്‍ വന്നതായി ചൂണ്ടിക്കാട്ടി ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സംസ്ഥാന കമ്മീഷണര്‍മാര്‍ക്ക് കത്ത് അയച്ചിരുന്നു. പഴയ നിയമപ്രകാരമുള്ള കേസുകള്‍ ഈ സാഹചര്യത്തില്‍ തുടരുന്നത് അനൗചിത്യമാണെന്ന് വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ഡയറക്ടറുടെ ഈ കത്ത്.
പാക്കറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ വന്ന പിഴവുകള്‍ക്കുള്ള കേസുകളാണ് സുപ്രിംകോടതി മുതല്‍ ജില്ലാ കോടതികളില്‍ വരെ കെട്ടിക്കിടക്കുന്നത്. കേസുകള്‍ നടത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചെറുകിട ബേക്കറി ഉടമകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യോല്‍പന്ന വ്യവസായികളും കോടതികള്‍ കയറിയിറങ്ങുകയാണ്. കേസുകള്‍ പിന്‍വലിപ്പിക്കുകയോ പിഴയടപ്പിച്ച് അവസാനിപ്പിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ബേക്കേഴ്‌സ് അസോസിയേഷന്‍ എഫ്എസ്എസ്എഐ—ക്ക് നേരത്തേ നിവേദനം സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയോടും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അസോസിയേഷന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് എഫ്എസ്എസ്എഐയില്‍ നിന്നു നിര്‍ദേശം വന്നിട്ടുള്ളതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പി എം ശങ്കരന്‍ പറഞ്ഞു.
ഭക്ഷ്യവസ്തുക്കളിലെ മായം അനുവദനീയമായ അളവില്‍ നിന്ന് അല്‍പം കൂടുമ്പോഴേക്കും ക്രിമിനല്‍ കേസെടുക്കുന്നതിനു പകരം നിര്‍മാതാക്കള്‍ക്ക് തിരുത്താന്‍ അവസരം നല്‍കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
തിരുത്താന്‍ തയ്യാറാവാത്തവര്‍ക്കെതിരേ മാത്രമേ നിയമനടപടികള്‍ കൈക്കൊള്ളാവൂ എന്നാണ് കേന്ദ്ര അതോറിറ്റി സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും കേരള ബേക്കേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it