മായം കലര്‍ന്ന ഭക്ഷ്യോല്‍പന്ന വില്‍പന വ്യാപകം

കൊച്ചി: മായം കലര്‍ന്നതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യോല്‍പന്ന വില്‍പന വ്യാപകമാവുമ്പോഴും നാളുകളായി ഒഴിഞ്ഞുകിടക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ ഒഴിവു നികത്താന്‍ നടപടിയില്ല. വിവിധ ജില്ലകളിലായി 31 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ ഒഴിവുകളാണ് വര്‍ഷങ്ങളായി നികത്താതെ കിടക്കുന്നത്. കണ്ണൂരിലാണ് കൂടുതല്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. 160 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ തസ്തികളാണുള്ളതെന്നും ഇതില്‍ 31 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല നല്‍കിയ അപേക്ഷയ്ക്കു മറുപടിയായി ഫുഡ് സേഫ്റ്റി കമ്മീഷണറുടെ കാര്യാലയം വ്യക്തമാക്കുന്നു. ഇതില്‍ 15 എണ്ണം 2016 ജനുവരി 16ലെ കോടതി ഉത്തരവുപ്രകാരം മാറ്റിവച്ചിട്ടുള്ളതാണ്. മറ്റ് ഒഴിവുകള്‍ 2016 സപ്തംബര്‍ 29, 2017 സപ്തംബര്‍ 14, സപ്തംബര്‍ 20, ഒക്ടോബര്‍ 19, നവംബര്‍ ഒന്ന്, നവംബര്‍ എട്ട്, 2018 മെയ് 31, ജൂലൈ 31 എന്നീ തിയ്യതികളില്‍ നിലവില്‍ വന്നതാണ്.തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഓരോന്നു വീതവും പാലക്കാട്-നാല്, മലപ്പുറം-ആറ്, കോഴിക്കോട്-നാല്, വയനാട്-രണ്ട്, കണ്ണൂര്‍-ഏഴ്, കാസര്‍കോട്-നാല് എന്നിങ്ങനെയാണ് ജില്ലകള്‍ തോറുമുള്ള ഒഴിവുകള്‍. ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്ത് രണ്ടു വര്‍ഷത്തിലധികമായിട്ടും നികത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവം നിമിത്തം മായം കലര്‍ന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതും കാര്യക്ഷമമല്ല.
Next Story

RELATED STORIES

Share it