Kollam Local

മാമൂട്ടില്‍ക്കടവ് മാലിന്യസംസ്‌ക്കരണ പ്ലാന്റിലെ തീപ്പിടിത്തം: ദുരൂഹത തുടരുന്നു

കാവനാട്: നഗരമാലിന്യങ്ങളുടെ നിക്ഷേപ കേന്ദ്രമായ മാമൂട്ടില്‍ക്കടവ് മാലിന്യസംസ്‌ക്കരണ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ ദുരൂഹത തുടരുന്നു.

മാലിന്യങ്ങള്‍ നശിപ്പിക്കാനായി നാട്ടുകാര്‍ മാലിന്യങ്ങള്‍ കത്തിച്ചതാണെന്ന് കോര്‍പറേഷന്‍ അധികൃതരും അതല്ല ജൈവപച്ചക്കറി തോട്ടവും അമ്യൂസ്‌മെന്റ് പാര്‍ക്കും നടത്താന്‍ രഹസ്യമായി കോര്‍പറേഷന്‍ പ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ കത്തിച്ചതാണെന്ന് മാമൂട്ടില്‍ക്കടവ് സംരക്ഷണസമിതിയും പരസ്പരം പഴിപറയുകയാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് മാലിന്യസംസ്‌ക്കരണ പ്ലാന്റില്‍ നിന്നും തീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്. പരിസരവാസികള്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എസ് ജയനെ ഇക്കാര്യം അറിയിച്ചു. അതിനെ തുടര്‍ന്ന് ചാമക്കടയില്‍നിന്നും അഗ്നിശമനസേനയെത്തി തീകെടുത്താന്‍ ശ്രമിച്ചിരുന്നു. 40അടിയോളം ഉയരത്തില്‍ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ പിടിച്ച തീകെടുത്താന്‍ ഫയര്‍ ഫോഴ്‌സിന് കഴിഞ്ഞില്ല.
തുടര്‍ന്ന് തീ ശക്തമാവുകയും അടുത്തുള്ള കുരീപ്പുഴ വട്ടമനക്കാവ് ശ്രീദുര്‍ഗ്ഗാദേവി ക്ഷേത്രത്തിന് സമീപം വരെ തീപടര്‍ന്ന് പിടിക്കാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് ചാമക്കടയില്‍നിന്നും ഒരു അഗ്നിശമനസേന വിഭാഗം കൂടിയെത്തി. പത്തുജീവനക്കാര്‍ ചേര്‍ന്ന് തീകെടുത്താന്‍ ശ്രമിച്ചിട്ടും തീ പൂര്‍ണമായി കെടുത്താന്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ക്ക് കഴിഞ്ഞില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തി ഉയരുന്ന വിഷപുക ശ്വസിച്ച് സമീപത്ത് കയര്‍പിരി തൊഴില്‍ ചെയ്തുവന്ന 15ഓളം തൊഴിലാളികള്‍ക്കും കഴിഞ്ഞദിവസം ശ്വാസം മുട്ടലുണ്ടായി. പുക വിട്ടുമാറിയതോടെയാണ് അവര്‍ വീണ്ടും തൊഴിലാരംഭിച്ചത്. മാമൂട്ടില്‍ക്കടവ് പുതിയകാവ് സെന്റര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കും അടുത്തുള്ള ക്ഷേത്രങ്ങളിലും കാവുകളിലും ദര്‍ശനം നടത്താന്‍ എത്തുന്നവര്‍ക്കും സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും രൂക്ഷമായ പുകയേറ്റ് ശ്വാസതടസമുണ്ടായി.
എന്നിട്ടും മേയര്‍ ഉള്‍പ്പടെയുള്ള ആരും തന്നെ ഇവിടേയ്ക്ക് തിരിഞ്ഞുനോക്കിയില്ലെന്നാരോപണമുണ്ട്. ഇന്നത്തെ നിലതുടര്‍ന്നാല്‍ ഒരുമാസം കഴിഞ്ഞാലും ഇവിടുത്തെ തീയണയ്ക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മുമ്പ് വരള്‍ച്ച ആരംഭിക്കുമ്പോള്‍ തന്നെ കോര്‍പറേഷന്‍ ജീവനക്കാര്‍ ടാങ്കര്‍ ലോറികളിലും മറ്റും വെള്ളം കൊണ്ടുവന്ന് ഒഴിച്ച് അട്ടിയായി കിടക്കുന്ന മാലിന്യങ്ങളില്‍ തീപടര്‍ന്ന് പിടിക്കാതിരിക്കാനായി ശ്രമിച്ചിരുന്നു. എന്നാല്‍ ഇത്തവണ തീപ്പിടിത്തം ഉണ്ടാകാതിരിക്കാനാവശ്യമായ നടപടികള്‍ കോര്‍പറേഷന്‍ സ്വീകരിച്ചിട്ടില്ല. അതാണ് തീപിടിക്കാന്‍ കാരണം. രണ്ടുകിലോമീറ്ററോളം വിസ്തൃതിയുള്ള സ്ഥലത്ത് മാലിന്യപുക എത്തിയതു മൂലം ജനങ്ങള്‍ വന്‍ദുരിതം അനുഭവിച്ചിട്ടും അത് അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. അധികാരികള്‍ ഇതൊക്കെ ഇനിയും കണ്ടില്ലെന്ന് നടിച്ചാല്‍ അതിനെതിരേ ശക്തമായ സമരം സംഘടിപ്പിക്കുവാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it