മാഫിയ ആയുധമാക്കുന്നത് ബുദ്ധിജീവികളെ

ഷിനില   മാത്തോട്ടത്തില്‍

ലഹരി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് പഠനം എളുപ്പമാക്കാമെന്നുള്ള തെറ്റായ വാഗ്ദാനം നല്‍കിയാണ് ഭൂരിഭാഗം വിദ്യാര്‍ഥികളെയും മയക്കുമരുന്നു മാഫിയ വശപ്പെടുത്തുന്നത്. കലാകാരന്മാരെയും ബുദ്ധിജീവികളെയും നിരത്തി ഇവരൊക്കെ കഞ്ചാവും ലഹരിയും ഉപയോഗിച്ചതുകൊണ്ടാണ് ഇവരില്‍ സര്‍ഗാത്മകത വളര്‍ന്നത്, ഇവര്‍ക്ക് ബുദ്ധി കൂടിയത്, നവീന ആശയങ്ങള്‍ രൂപം കൊള്ളുന്നത് എന്നൊക്കെ പറഞ്ഞാല്‍ കൗമാരക്കാരായ വിദ്യാര്‍ഥികള്‍ വീണുപോവാതിരിക്കില്ല. പക്ഷേ, ഇതെല്ലാം പ്രതീക്ഷിച്ച് മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങുന്ന വിദ്യാര്‍ഥികളോ! പഠനവുമില്ല ആരോഗ്യവുമില്ല എന്ന അവസ്ഥയിലെത്തുന്നു. യുവാക്കളെ ലൈംഗിക ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കാമെന്നു വിശ്വസിപ്പിച്ചാണ് കൂടുതല്‍ പേരും ആകര്‍ഷിക്കുന്നത്. കല്യാണവീടുകളില്‍ മദ്യമായിരുന്നു നേരത്തേ വിളമ്പിയിരുന്നതെങ്കില്‍ ഇപ്പോള്‍ അതിന്റെ സ്ഥാനത്ത് നല്‍കുന്നത് മയക്കുമരുന്നും കഞ്ചാവുമാണ്. മണം പുറത്തറിയില്ല എന്ന സൗകര്യമാണ് മാഫിയ കാണുന്ന വലിയ കുറുക്കുവഴി.   ചെറിയ പ്രായം മുതല്‍ മയക്കുമരുന്ന് ഉപയോഗം ശീലമാക്കിയവരുടെ ആരോഗ്യം വളരെ പെട്ടെന്ന് ക്ഷയിക്കുന്നതായും ആറോ ഏഴോ വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും അവശരാവുന്നതായുമാണ് മയക്കുമരുന്നിന് അടിമപ്പെട്ടവരെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരും ഡീ അഡിക്ഷന്‍ സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്നവരും പോലിസും ഉള്‍പ്പെടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചു ചുരുങ്ങിയത് ഒരു വര്‍ഷം കൊണ്ടുതന്നെ കുട്ടികള്‍ സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുതുടങ്ങും. ഒരു പരിധി കഴിഞ്ഞ് എങ്ങനെയെങ്കിലും ഇതില്‍ നിന്നൊന്നു മോചനം നേടണമെന്നാഗ്രഹിച്ചു ഡീ അഡിക്ഷന്‍ സെന്ററുകളില്‍ എത്തുന്നവരില്‍ പലരും ഒരിക്കലും സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താന്‍ സാധിക്കാത്തവിധം അവശതയിലെത്തിയിരിക്കും. പലപ്പോഴും അതു മരണത്തില്‍ കലാശിക്കുന്നു. ആത്മഹത്യക്കു പ്രേരിപ്പിക്കുന്നു. ആദ്യമായി മയക്കുമരുന്ന് ഉപയോഗിച്ചു ശീലിപ്പിച്ചവരെ കൈയില്‍ കിട്ടിയാല്‍ കൊന്നുകളയാനുള്ള ദേഷ്യവുമായി മയക്കുമരുന്നിന്റെ പടുകുഴിയില്‍ നിന്നു കയറിപ്പറ്റാനാവാതെ ബുദ്ധിമുട്ടുന്നവര്‍ നിരവധിയാണ്. ശീലിപ്പിച്ചവരോട് അടക്കാനാവാത്ത ദേഷ്യമായിരിക്കും പലര്‍ക്കും. കണ്‍മുമ്പില്‍ കുടുംബം നശിക്കുകയും മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുന്നതും കണ്ടുനില്‍ക്കേണ്ടി വരുമ്പോഴും ലഹരി അവനൊരു മോചനം നല്‍കുന്നില്ല.   ദേശീയതലത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ രണ്ടാമത്തെ നഗരമാണ് കൊച്ചി. ആദ്യസ്ഥാനം അമൃതസറിനാണ്. ഇതരസംസ്ഥാന തൊഴിലാളികളുടെ വരവോടെയാണ് കേരളത്തില്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും വര്‍ധിച്ചതെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം 4000ല്‍ പുറമെ കേസുകളാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിടിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളും. കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, എല്‍എസ്ഡി, ഹഷീഷ്, ആംഫിറ്റമിന്‍, കറുപ്പ് തുടങ്ങിവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടും. വളരെ അപൂര്‍മായി ഉപയോഗിച്ചു കാണുന്ന എംഡിഎംഎ എന്ന ശക്തിയേറിയ മയക്കുമരുന്ന് അടുത്തിടെ മലപ്പുറത്തു നിന്നു പിടിച്ചെടുക്കുകയുണ്ടായി. കേരളത്തിലെ തന്നെ ആദ്യത്തെ എംഡിഎംഎ വേട്ടയായിരുന്നു ഇത്. സംസ്ഥാനത്ത് കഞ്ചാവ് ഉല്‍പാദനം നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും കഞ്ചാവ്, ഹഷീഷ് മുതലായ ലഹരിവസ്തുക്കള്‍ വന്‍തോതിലാണ് ഇവിടേക്ക് എത്തുന്നത്. ആന്ധ്ര, തെലങ്കാന, ഒഡീഷ മുതലായ സംസ്ഥാനങ്ങളിലാണ് ഇവയുടെ ഉല്‍പാദനം കൂടുതലായി നടക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചാണ് ഇതുമായി ബന്ധപ്പെട്ട മാഫിയാ പ്രവര്‍ത്തനം.(നാളെ: വിദേശത്തുനിന്നു മയക്കുമരുന്നിന്റെ കുത്തൊഴുക്ക്)
Next Story

RELATED STORIES

Share it