kasaragod local

മാഫിയകള്‍ക്കായി രാത്രിയും തുറന്ന് വില്ലേജ് ഓഫിസ്

മഞ്ചേശ്വരം: വില്ലേജ് ഓഫിസ് അവധി ദിവസം രാത്രിയും തുറന്നു കിടക്കുന്നതു കണ്ട് സിപിഎം പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് ഇരച്ചുകയറി. സിപിഎം പ്രവര്‍ത്തകരെ കണ്ട് ഓഫിസിലുണ്ടായിരുന്ന ചെങ്കല്‍ക്വാറി ഉടമയും സ്വത്തു ബ്രോക്കറും രേഖകളുമായി ഇറങ്ങിയോടി.
ഞായറാഴ്ച രാത്രി എട്ടോടെയാണ് ആളൊഴിഞ്ഞ സ്ഥലത്തുള്ള കുടാല്‍ മേര്‍ക്കള വില്ലേജ് ഓഫിസ് രാത്രിയും പ്രവര്‍ത്തിക്കുന്നത് നാട്ടുകാര്‍ കണ്ടത്. വിവരമറിഞ്ഞ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ബി എ ബഷീറും പ്രവര്‍ത്തകരും വില്ലേജ് ഓഫിസിലേക്ക് ഇരച്ചുകയറുകയായിരുന്നു.
വാതില്‍ അടച്ച് മണല്‍ മാഫിയയ്ക്കും ചെങ്കല്‍ മാഫിയയ്ക്കും വേണ്ടി ചില രേഖകള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു വില്ലേജ് അസിസ്റ്റന്റും ക്ലര്‍ക്കുമെന്ന് ബി എ ബഷീര്‍ പറഞ്ഞു. അവധി ദിനത്തില്‍ പോലും മാഫിയ സംഘങ്ങള്‍ക്ക് എല്ലാ ഒത്താശയും വില്ലേജ് ഓഫിസില്‍ ചെയ്തു കൊടുക്കുകയാണെന്നും വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ജനങ്ങള്‍ക്ക് കടുത്ത ദ്രോഹമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
ഞായറാഴ്ച പകല്‍ മുഴുവന്‍ ഇവര്‍ ഇവിടെ ഉണ്ടായിരുന്നുവെന്നാണ് വിവരം. രാത്രിയിലും ഇവര്‍ക്കു വേണ്ടിയുള്ള കടലാസ് ജോലികള്‍ വില്ലേജ് ഓഫിസ് അധികൃതര്‍ ചെയ്തു കൊടുക്കുന്നതായാണ് ആരോപണം. റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെ സ്ഥലങ്ങള്‍ അളന്നു തിട്ടപ്പെടുത്തിക്കൊടുക്കാന്‍ ഓടിയെത്താറുള്ള വില്ലേജ് അധികൃതര്‍ സാധാരണക്കാര്‍ സ്ഥലം അളക്കാനോ സ്ഥലത്തിന്റെ സ്‌കെച്ച് ആവശ്യപ്പെട്ടാലോ ഒരാഴ്ചയും അതിലധികവും സമയമെടുക്കുന്നതായും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
തഹസില്‍ദാരുടെ പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കാവൂ എന്നാണ് നിയമം. സാധാരണക്കാര്‍ ഏതെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ പലതവണ നടത്തിപ്പിക്കുന്ന അധികൃതര്‍ മാഫിയകള്‍ക്ക് നിമിഷനേരം കൊണ്ട് എല്ലാം ചെയ്തു കൊടുക്കുന്നു.
പാവപ്പെട്ടവര്‍ക്ക് ഒരു നിയമവും മാഫിയകള്‍ക്ക് മറ്റൊരു നിയമവുമാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ ചെയ്തുകൊടുക്കുന്നതെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it